മൂന്നാര്‍ വിഷയം വി.എസിനെ കടന്നാക്രമിച്ച് മന്ത്രി മണി ; പാര്‍ട്ടി വിലക്കുളളതിനാല്‍ കൂടുതല്‍ പറയുന്നില്ല

തിരുവനന്തപുരം : മൂന്നാര്‍ വിഷയത്തില്‍ വി എസ് അച്യുതാനന്ദനെ കടന്നാക്രമിച്ച് വൈദ്യുതി മന്ത്രി എം.എം മണി. ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും .എന്നാല്‍ പാര്‍ട്ടി വിലക്കുളളതിനാല്‍ താന്‍ പറയുന്നില്ല എന്നും മണി പറഞ്ഞു. ടാറ്റായ്ക്ക് 50000 ഏക്കര്‍ കൈയേറ്റ ഭൂമിയുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ സമരം ചെയ്യിച്ച വിഎസ് പിന്നീടൊന്നും പറഞ്ഞില്ലെന്നും മണി കുറ്റപ്പെടുത്തി. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ ഭൂമിയുടെ കാര്യത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാണിച്ച മര്യാദപോലും വിഎസ് കാണിച്ചില്ല. വിഎസ് പറയുന്നതിനെല്ലാം മറുപടി പറയാതിരിക്കുന്നതാണ് അന്തസ്.ഇന്നലെ വിഎസ് മണിക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് മറുപടി. ഇതിന് വിഎസിനെക്കുറിച്ച് താന്‍ എന്തെങ്കിലും പറഞ്ഞാല്‍ വയ്യാവേലിയാകും. വിഎസ് മൂന്നാറിനെക്കുറിച്ച് ശരിക്ക് പഠിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. പൂച്ചയും പട്ടിയും എന്നുപറഞ്ഞുവരുന്നവരെ മുന്‍പും ഓടിച്ചിട്ടുണ്ടെന്നും മണി പറഞ്ഞിരുന്നു. ഭൂമി കൈയേറ്റവും പട്ടയവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്. രാജേന്ദ്രനെ അനുകൂലിച്ചിരുന്നു. ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനാകട്ടെ രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണന്നതിനെ ശരിവെക്കുകയും ചെയ്തു. കൂടാതെ കഴിഞ്ഞ മൂന്നാര്‍ ഓപ്പറേഷന്‍ കാലത്തെ മണിയുടെ വിവാദ പ്രസ്താവന പത്രസമ്മേളനത്തില്‍ വിഎസ് സാന്ദര്‍ഭികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മണിയും-വിഎസും തമ്മില്‍ വാക്‌പോര് തുടങ്ങിയത്. ഭൂമാഫിയയുടെ കൈയില്‍ നിന്നും അവര്‍ എത്ര ഉന്നതരായാലും ഓരോ ഇഞ്ചും ഒഴിപ്പിച്ചെടുക്കുക തന്നെ വേണം. അതിന് മുതിരുന്നവരുടെ കൈ വെട്ടും കാലുവെട്ടും രണ്ടുകാലില്‍ നടക്കാന്‍ അനുവദിക്കില്ല എന്നുവിളിച്ചു കൂവുന്നവരെ നിലയ്ക്ക് നിര്‍ത്തുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കടമ. ഇത് കേരളത്തിന്റെ ആവശ്യമാണെന്നും വിഎസ് ആദ്യം പറഞ്ഞു.ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാം. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നത്. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നായിരുന്നു വിഎസിന്റെ പരാമര്‍ശങ്ങള്‍.