റിസോര്‍ട്ടുകാര്‍ കയ്യേറിയ മൂന്നാറിലെ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കും
തൊടുപുഴ: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി. ചിത്തിരപുരത്ത് റിസോര്‍ട്ടുകാര്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയായി. കയ്യേറിയ സ്ഥലത്തെ കെട്ടിടവും മതിലും അല്‍പസമയത്തിനകം പൊളിക്കും. സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ 15.56 സെന്റാണ് റിസോര്‍ട്ടുടമ കയ്യേറിയത്. ഈ ഭൂമി വിട്ടുകൊടുക്കാനുള്ള നിര്‍ദേശം റിസോര്‍ട്ട് ഉടമ അംഗീകരിക്കുകയായിരുന്നു.
നിര്‍മാണ നിരോധനം മറികടന്ന് മൂന്നാറില്‍ ഏതാനും വര്‍ഷത്തിനിടെ പണിതീര്‍ത്തത് നിരവധി വന്‍കിട കെട്ടിടങ്ങളാണ്. പള്ളിവാസല്‍, ചിത്തിരപുരം മേഖലകളിലാണ് അനധികൃത നിര്‍മാണങ്ങളിലേറെയും. റവന്യൂ ഉദ്യോഗസ്ഥര്‍ ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പള്ളിവാസല്‍, ചിത്തിരപുരം തുടങ്ങിയ മേഖലകളില്‍ ഭൂമി കയ്യേറി നിര്‍മിച്ചിരിക്കുന്നത് വന്‍ റിസോര്‍ട്ടുകളാണ്. മൂന്നാറിന്റെ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിലുള്ള വന്‍കിട നിര്‍മാണങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ് ഇവിടെ വന്‍ നിര്‍മാണങ്ങള്‍ നടന്നത്.
സിപിഎം ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നും മൂന്നാറില്‍ പാര്‍ട്ടി ഗ്രാമം ഉണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, പാര്‍ട്ടി ഇത് തള്ളി. അതേസമയം, മുന്‍മുഖ്യമന്ത്രി വി.എസ്. പറഞ്ഞത് രാജേന്ദ്രന് കയ്യേറ്റക്കാരുമായി ബന്ധമുണ്ടെന്നായിരുന്നു. കയ്യേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രിയും വ്യക്തമാക്കിയത്. ഇതുകൂടാതെ മൂന്നാറില്‍ നിരവധി സ്ഥലത്ത് കയ്യേറ്റവും വ്യാജപട്ടയ വിവാദവും നടന്നുവെന്നാണ് ആരോപണം. കയ്യേറ്റങ്ങളെ, രാഷ്ട്രീയമായി പ്രതിപക്ഷ കക്ഷികള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.