ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വനിതയുടെ വസ്ത്രമഴിച്ചു പരിശോധിക്കാന്‍ ശ്രമം

ഫ്രാങ്ക്ഫര്‍ട്ട് : ഐസ്‌ലാന്‍ഡിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യാക്കാരിയായ വനിതയുടെ വസ്ത്രമഴിച്ചു പരിശോധന നടത്തുവാന്‍ ശ്രമം. സുരക്ഷാ പരിശോധനയുടെ പേരിലാണ് ഇന്ത്യന്‍ യുവതിയോട് എയര്‍പോര്‍ട്ട്‌ അധികൃതര്‍ ഇത്ര ക്രൂരമായി പെരുമാറിയത്. ശ്രുതി ബസാപ്പ എന്ന സ്ത്രീയ്ക്കാണ് ദുരനുഭവം നേരിട്ടത്. ശ്രുതി തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് വഴി ലോകത്തിനെ അറിയിച്ചത്. “യൂറോപ്യന്‍ പങ്കാളികളോ സഹയാത്രികരോ ഇല്ലാത്ത വെള്ളക്കാരല്ലത്തവരെല്ലാം സംശയത്തിന്റെ നിഴലിലാണോയെന്ന്” ശ്രുതി ചോദിക്കുന്നു. തന്നെ സ്‌കാനിങ്ങിനിന് വിധേയയാക്കിയെങ്കിലും സുരക്ഷ ജീവനക്കാര്‍ക്ക് സംശയം തീര്‍ന്നില്ലെന്ന് ബസാപ്പ പറയുന്നു. തുടര്‍ന്ന് വസ്ത്രം അഴിക്കാതെയുള്ള ശരീര പരിശോധന നടത്താന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് അതിനു താല്പര്യമില്ലായിരുന്നു. അവസാനം ഭര്‍ത്താവ് എത്തിയപ്പോഴാണ് അവര്‍ യുവതിയെ പോകുവാന്‍ അനുവദിച്ചത്. ഐസ്‌ലാന്‍ഡ് സ്വദേശിയാണ് യുവതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവ് എത്തിയപ്പോള്‍ അധികൃതരുടെ മനോഭാവം മാറി എന്നും പേരിന് മാത്രമുള്ള പരിശോധന നടത്തിയ ശേഷം അവര്‍ തന്നെ പോകാന്‍ അനുവദിച്ചുവെന്നും ബസാപ്പ പറയുന്നു. നടന്നത് വംശീയാധിക്ഷേപമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.