വിശ്വാസികള്‍ കുഞ്ഞുങ്ങള്‍ക്ക് ക്രിസ്തീയ പേരുകള്‍ ഇടണം എന്ന് ഇടുക്കി ബിഷപ്പിന്റെ ഇടയലേഖനം

വിശ്വാസികള്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൈസ്തവ പേരുകള്‍ നല്‍കണമെന്ന് ഇടുക്കി ബിഷപ്പിന്റെ ഇടയലേഖനം. ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലാണ് വിശ്വാസികള്‍ക്ക് പേരിന് വളരെ പ്രാധാന്യമുണ്ട് എന്നും ക്രിസ്തീയ നാമത്തില്‍ അറിയപ്പെടുന്നത് ക്രിസ്തുവിന് സാക്ഷ്യം വഹിക്കലാണെന്നും കുടുംബത്തെ സംബന്ധിച്ചുള്ള ഇടയലേഖനത്തില്‍ ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു. അര്‍ഥരഹിതമായ പേരുകള്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നതു ശരിയല്ല. വിശ്വാസവും ക്രൈസ്തവ മാതൃകയും പ്രഘോഷിക്കുന്ന പരമ്പരാഗത പേരുകള്‍ ഉപയോഗിക്കാനും അതില്‍ അഭിമാനിക്കാനും ക്രൈസ്തവര്‍ക്കു കഴിയണം. പാരമ്പര്യ രീതിയില്‍ ശിശുക്കളുടെ മാമ്മുദീസ എട്ടാം ദിവസം തന്നെ നടത്തുന്നതാണ് ഉചിതം. മക്കളെ വിശുദ്ധരായി വളര്‍ത്താനും താത്പര്യമുള്ളവരെ പൗരോഹിത്യ സന്ന്യാസ ജീവിതാവസ്ഥകളിലേക്കു നയിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വിശുദ്ധരുടെ മാതൃക വരും തലമുറകളിലേക്കു കൈമാറുന്നത് അവരുടെ പേരുകളിലൂടെയാണെന്നും ഇടയലേഖനം പറയുന്നു. കൂടാതെ കുട്ടികളുടെ സാന്നിധ്യത്തില്‍ വൈദികരെയും സന്ന്യസ്തരെയും വിമര്‍ശിക്കുന്നത് ദൈവവിളി നിരുത്സാഹപ്പെടുത്തുമെന്നും ഹൃദയവിശുദ്ധിയും ശരീരവിശുദ്ധിയും നഷ്ടപ്പെട്ടാണ് പലരും വിവാഹ വേദിയിലെത്തുന്നത് എന്നും ഇത് വിശ്വാസത്തിന്റെ അപചയം മൂലമാണ് എന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു. അവസാനമായി കുട്ടികള്‍ ഫേസ്ബുക്ക് , വാട്സ് ആപ്പ് എന്നിവ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം എന്നും ധാരാളം കുട്ടികള്‍ ഇവ കാരണം വഴി തെറ്റുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.