അഭിമാനത്തോടെ ഇന്ത്യ: ഒളിമ്പിക്‌സിലെ പ്രഹരത്തിന് മധുരപ്രതികാരം ചെയ്ത് പി.വി സിന്ധു

ന്യൂഡല്‍ഹി: ഒളിമ്പിക്‌സില്‍ പരാജയപ്പെട്ട പിവി സിന്ധുവിനു ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം. തന്നെ ലോക മാമാങ്കത്തില്‍ പരാജയപ്പെടുത്തിയ ലോക ഒന്നാംമ്പര്‍ താരം കരോളിന മരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് പിവി സിന്ധു ഒളിമ്പിക്‌സിലേറ്റ തോല്‍വിക്ക് മധുരപ്രതികാരം ചെയ്തത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് 21-19ന് ലോക ഒന്നാം നമ്പര്‍ സ്ഥാനക്കാരിയില്‍ നിന്നും സിന്ധു ആദ്യ സെറ്റ് സ്വന്തമാക്കിയത്. തുടര്‍ന്നു സ്പാനിഷ് താരത്തെ നിഷ്പ്രഭയാക്കി രണ്ടാം സെറ്റും 21-16ന് നേടുകയായിരുന്നു. 47 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് സിന്ധു കിരീടം ഉറപ്പാക്കിയത്. കഴിഞ്ഞ നവംബറില്‍ ചൈന ഓപ്പണ്‍ കിരീടം നേടിയ സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ കിരീടമാണിത്. രണ്ടാമത്തെ സൂപ്പര്‍ സീരീസ് കിരീടവും.