മേയ് 15 വരെ പരിഷ്ക്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നടത്തരുത് എന്ന് കോടതി
ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയവ്യവസ്ഥ നടപ്പാക്കുന്നത് മേയ് 15 വരെ മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അടിസ്ഥാന സൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം നടപ്പാക്കുന്നതിനെ ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് കോടതി നിര്‍ദേശം. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളാണ് നടപടിയില്‍ കോടതിയെ സമീപിച്ചത്.ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന്‍റെ ഭാഗമായി കമ്പ്യൂട്ടറൈസ്ഡ് സംവിധാനം നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഗതാഗത കമീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്ത് തൃശൂര്‍ സ്വദേശി കെ. എന്‍. മോഹനന്‍ ഉൾപ്പെടെ നല്‍കിയ മൂന്ന് ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്. സംസ്ഥാനത്ത് കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിന് മതിയായ സൗകര്യമുള്ളത് മൂന്നിടത്ത് മാത്രമാണെന്നിരിക്കെ സര്‍ക്കുലര്‍ അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഓട്ടോമേറ്റഡ് ടെസ്റ്റ് ട്രാക്ക് സംവിധാനമുള്ള സ്ഥലങ്ങളിൽ മാത്രമേ കമ്പ്യൂട്ടറൈസ്ഡ് സംവിധാനം നടപ്പാക്കാനാവൂ. നൂറോളം കേന്ദ്രങ്ങളിൽ ടെസ്റ്റ് നടക്കുന്നതിൽ കോഴിക്കോട്, കണ്ണൂർ, പാറശാല എന്നിവിടങ്ങളിലാണ് ട്രാക്ക് സംവിധാനമുള്ളത്. പുതിയ സംവിധാനം വരുന്നതോടെ ഡ്രൈവിങ് ലൈസൻസ് എടുക്കാനുള്ള ടെസ്റ്റ് കടുത്തതാകുമെന്നും ഇത് പ്രായോഗികമാകില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.കയറ്റത്തില്‍ നിര്‍ത്തല്‍, ചെരിച്ച് പാര്‍ക്കിങ് തുടങ്ങിയവ ഡ്രൈവിങ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഫെബ്രുവരി 16-ലെ സര്‍ക്കുലറിലുള്ളത്.