കളളുഷാപ്പുകളിലൂടെ വിദേശമദ്യം വില്‍ക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി സുധാകരന്‍

തിരുവനന്തപുരം: കളളുഷാപ്പുകളിലൂടെ വിദേശമദ്യം വില്‍ക്കുന്ന കാര്യം ആലോചിക്കുന്നതായി എക്സൈസ് വകുപ്പിന്റെ ചുമതലയുളള മന്ത്രി ജി.സുധാകരന്‍. ആരാണ് പ്രശ്നം ഉണ്ടാക്കിയത് അവര്‍ തന്നെ പ്രശ്നം പരിഹരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മദ്യശാലകള്‍ പൂട്ടാന്‍ അധികസമയം ആവശ്യപ്പെട്ട്സുപ്രീംകോടതിയെ സമീപിക്കാനും സര്‍ക്കാരില്‍ ധാരണയായിട്ടുണ്ട്. സുപ്രീംകോടതി വിധിക്കെതിരെ നിയമസഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അഡ്വക്കേറ്റ് ജനറല്‍ ഇത് സംബന്ധിച്ച് നിയമസഹായം നല്‍കിയിരുന്നു. ബിവറേജസുകളിലെ തിരക്ക് പരിഗണിച്ച് കൗണ്ടറുകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ കാര്യം മന്ത്രി സ്ഥിരീകരിച്ചു. കൂടാതെ പ്രവൃത്തി സമയം ദീര്‍ഘിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ ഒമ്പത് മണിക്ക് അടച്ചിരുന്ന ബിവറേജുകള്‍ രാവിലെ ഒമ്പതര മണിക്ക് തുറന്ന് രാത്രി ഒമ്പതര വരെ പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

സുപ്രീംകോടതി വിധി നടപ്പിലാക്കി തുടങ്ങിയതോടെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിഷയങ്ങളെ മറികടക്കാന്‍ സര്‍ക്കാര്‍ ഊര്‍ജിത നീക്കം നടത്തുകയാണ്. മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി വേണ്ടെന്നുളള സര്‍ക്കുലര്‍ ഇതിനോടനുബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയേക്കുമെന്നാണ് അറിയുന്നത്. കൂടാതെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷി യോഗവും വിളിക്കുമെന്നാണ് വിവരങ്ങള്‍.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ദേശീയ, സംസ്ഥാന പാതകള്‍ക്ക് സമീപത്തെ മദ്യശാലകള്‍ പൂട്ടിയതിനാല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.