ഒരു മീന്‍ പൊരിച്ചതിനു വില 1000 രൂപ ; കോട്ടയം വഴി പോകുന്നവര്‍ ഇനി കരിമ്പിന്‍ കാല കാണുമ്പോള്‍ ഒന്ന് ഞെട്ടും
കോട്ടയം : ഫ്‌ളവേഴ്‌സ് ടിവിയിലെ അവതാരകനായ നിഖില്‍ രാജിനാണ് ആയിരം രൂപയുടെ പൊരിച്ചമീന്‍ ലഭിച്ചത്. കോട്ടയത്തെ നാട്ടകം കരിമ്പിന്‍കാല ഹോട്ടലില്‍ നിന്നുമാണ് നിഖില്‍ ഭക്ഷണം കഴിച്ചത്. അസാധാരണമായ രുചി ഒന്നുമില്ലാതെ ഒരു സാധാരണ കണമ്പ് മീന്‍ പൊരിച്ചതിനു ഹോട്ടലുകാര്‍ വിലയിട്ടത് 1000 രൂപ. ബില്‍ കണ്ടു ഞെട്ടിയ നിഖില്‍ അതിന്റെ ചിത്രം സഹിതം തന്‍റെ ഫേസ്ബുക്കില്‍ ഇടുകയായിരുന്നു. അതേസമയം ഹോട്ടലുടമയ്ക്ക് ഭക്ഷണത്തിന്റെ വില തീരുമാനിക്കാനുള്ള ചോദ്യം ചെയ്യപ്പെടാനാവാത്ത നിയമത്തേയും ഫേസ്ബുക്കിലൂടെ നിഖില്‍ പഴിക്കുന്നുണ്ട്. എത്ര ബില്ലിട്ടാലും കസ്റ്റമര്‍ക്ക് അത് മിണ്ടാതെ അനുസരിക്കുകയേ മാര്‍ഗമുള്ളു. എന്നാല്‍ ഇത്തരം ബില്ലുകള്‍ കണ്ട് ഞെട്ടാന്‍ ശക്തിയില്ലാത്തവരോട് ദയവായി കരിമ്പിന്‍കാലയില്‍ കയറരുതെന്ന ഉപദേശവും ഈ യുവാവ് തന്റെ കുറിപ്പിലൂടെ സൗജന്യമായി നല്‍കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കള്ളുഷാപ്പിലൂടെ തുടങ്ങി കഴുത്തറപ്പന്‍ ബില്ലുകളിലൂടെയാണ് വലിയ ഒരു ഹോട്ടല്‍ നിലവാരത്തിലേക്ക് കരിമ്പിന്‍കാല എത്തിയിരിക്കുന്നതെന്നും, ഇത്തരത്തിലാണ് കരിമ്പിന്‍ കാല ഹോട്ടല്‍ ശൃംഖലയായി വളര്‍ന്നതെന്നും നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നു.എന്നാല്‍ ഒരു ഹോട്ടലിന്‍റെ മാത്രം കാര്യമല്ല അത് നമ്മുടെ നാട്ടിലെ ചെറുതും വലുതുമായ എല്ലാ ഹോട്ടലുകളും തങ്ങള്‍ക്ക് തോന്നിയത് പോലെയാണ് ആഹാരങ്ങള്‍ക്ക് വില ഈടാക്കുന്നത് എന്നതാണ് സത്യം.