ബി.ബി.സി അഭിമുഖത്തിനിടെ നായുടെ കടിയേറ്റയാള്‍ മരിച്ചു

ലണ്ടന്‍: ബി.ബി.സി ഡോക്യുമെന്ററി സംഘവുമായി അഭിമുഖസംഭാഷണം നടത്തുന്നതിനിടെ നായുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. മാരിയോ പെരിവോടൊസ് (41) ആണ് വളര്‍ത്തുനായുടെ ആക്രമണത്തില്‍ മരിച്ചത്. ലണ്ടനിലെ വീട്ടില്‍ ഈ മാസം 20ന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ മാരിയോയുടെ വളര്‍ത്തുനായ് അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടിവീഴുകയും കഴുത്തിന് കടിക്കുകയുമായിരുന്നു. സ്റ്റാഫോര്‍ഡ്ഷയര്‍ ബുള്‍ കെറിയര്‍ ഇനത്തില്‍ പെട്ട നായാണ് ഉടമസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

പരിക്കേറ്റ ഉടന്‍ ബി.ബി.സി സംഘം അത്യാഹിത വിഭാഗത്തിന്റെ സഹായം ആവശ്യപ്പെടുകയും മാരിയോയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, നായുടെ കടിയേറ്റ് രണ്ടു മണിക്കൂറിനു ശേഷം മാരിയോ മരണത്തിനു കീഴടങ്ങി. ശ്വാസനാളത്തിന് സാരമായി പരിക്കേറ്റതും ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നുപോയതുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞു.

മാരിയോയുമായി അഭിമുഖം നടത്തിയത് എന്തിനാണെന്ന് ബി.ബി.സി വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രസ്താവനകള്‍ നടത്തുന്നില്ല. സംഭവസമയത്ത് ഡോക്യുമെന്ററി സംഘം സ്ഥലത്തുണ്ടായിരുന്നുവെന്നും എന്നാല്‍, വിഡിയോ ചിത്രീകരിച്ചിരുന്നില്ലെന്നും ബി.ബി.സി അധികൃതര്‍ പറഞ്ഞു. നായെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.