ഇനിമുതല്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപ്പൂരില്‍ ജോലി ഇല്ല

ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പിലാക്കിയ നിതാഖത്തിനു സമാനമായ നടപടിയുമായി സിംഗപ്പൂര്‍. ഐടി മേഖലയില്‍ സ്വദേശികളെ ഉള്‍ക്കൊള്ളിക്കുവാന്‍ വേണ്ടി  ഇന്ത്യയില്‍നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപ്പൂര്‍ വിസ നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്.  സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളോട് സ്വദേശികളായവര്‍ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി  ചില കമ്പനികള്‍ രാജ്യംവിട്ടു പോകുവാന്‍ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ കമ്പനികള്‍ ഈ പ്രശ്‌നം അഭിമുഖീകരിച്ചുവരികയാണ്. 2016ന്റെ തുടക്കത്തില്‍ത്തന്നെ ഇതു സംബന്ധിച്ച്  കമ്പനികള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഇന്ത്യയില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ നിയന്ത്രിക്കുന്നതിന് എക്കണോമിക് നീഡ് ടെസ്റ്റ് എന്ന പേരില്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നിതിനുള്ള  നടപടിക്രമങ്ങള്‍ നിര്‍ബന്ധമാക്കിയതായും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സ്വദേശികള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരെ നിയന്ത്രിക്കുന്ന നിലപാട് അടുത്തിടെ അമേരിക്ക കടുപ്പിച്ചിരുന്നു.  സിംഗപ്പൂരും ഈ പാതയിലാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.