പീഡനത്തിന് ഇരയായ 12കാരിയെയും അമ്മയെയും കൊല്ലുമെന്ന ഭീഷണിയുമായി ബിജെപി ; പാര്‍ട്ടിക്കാരെ സഹായിക്കുവാന്‍ കേരളാ പോലീസും

എരുമപ്പെട്ടി : പീഡനത്തിനു ഇരയായ 12കാരിയെ പരസ്യമായി ഭീഷണിപെടുത്തി ബിജെപി. സംഭവത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് അടിമവേല ചെയ്ത് കേരളാ പോലീസും. അയല്‍വാസികളായ മധ്യവയസ്‌കനും മകനും ചേര്‍ന്ന് മാനസിക വളര്‍ച്ച എത്താത്ത പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് പരാതിക്കാരെ പൊലീസ് അപമാനിക്കുകയും പ്രതികള്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കുകയും ചെയ്തത്. കുട്ടിയും മാതാവും ഞായറാഴ്ച്ച വൈകിട്ട് കുന്നംകുളം സിഐ ഓഫീസില്‍ എത്തി മൊഴി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം സംഭവ സമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എടുക്കാന്‍ നെല്ലുവായിയിലെ വീട്ടിലെത്തിയ കുട്ടിയെയും അമ്മയെയും പ്രതികളും അയല്‍വാസികളായ ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു വച്ചു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പതിലധികം പേര്‍ അസഭ്യവര്‍ഷം നടത്തി. ഉടനെ പോലീസില്‍ വിളിച്ചു പറഞ്ഞു എങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് എരുമപ്പെട്ടി പോലീസ് സംഭവസ്ഥലത്ത് എത്തിയത്. വീട്ടിലെത്തിയ അഡീഷണല്‍ എസ്‌ഐ ടിഡി ജോസ് തന്നോടും മകളോടും അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ പ്രതികളും സംഘവും തങ്ങള്‍ ഇവര്‍ക്കെതിരെ വ്യാജപരാതിയാണ് നല്‍കിയിരിക്കുന്നതെന്നും നിങ്ങളാരും ഇവിടുന്ന് ജീവനോടെ പോകില്ലെന്നും ഭീഷണിപ്പെടുത്തി. വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കാറിന് ചുറ്റും കിടന്ന് ബഹളം വെച്ചു. തടിച്ച ഒരാള്‍ വടിവാള്‍ പോലത്തെ ഒരു ആയുധവുമായി വന്ന് കാറിലടിച്ച് കതക് വലിച്ച് തുറന്ന് മകളെ പിടിച്ചിറക്കി. സംഭവസ്ഥലത്ത് എത്തിയ എ എസ്ഐ ഇരയായ പന്ത്രണ്ടുകാരിയോട് നീ ഇപ്പോ ഫീല്‍ഡില്‍ ഇറങ്ങിയോ എന്ന് ചോദിക്കുകയും . നിന്നെ ആരൊക്കെയാ പീഡിപ്പിച്ചത് പറയ്, അത് ഞാനുംകൂടി കേള്‍ക്കട്ടെ എന്ന് പരിഹാസരൂപേണ പറയുകയും ചെയ്തു എന്ന് അമ്മ ആരോപിക്കുന്നു. എന്റെ ഗതികേടുകൊണ്ടാണ് ഈ സാഹചര്യത്തില്‍ പൊലീസില്‍ പരാതിപ്പെട്ടത്. ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനാണ് ഓരോ അമ്മമാരും ജനലില്‍ കെട്ടിത്തൂക്കണത് എന്നും അമ്മ പറയുന്നു. അതേസമയം പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പാലാരിവട്ടം സ്‌റ്റേഷനില്‍ നല്‍കിയ കേസില്‍ പ്രതിയെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. മുസ്ലീം സമുദായത്തില്‍ ആയിരുന്ന പ്രതികള്‍ സംഘപരിവാറിന്റെ ഘര്‍വാപ്പസിലൂടെയാണ് വീണ്ടും ഹിന്ദുമതം സ്വീകരിച്ചത്. അതുകൊണ്ടാണ് ബിജെപി വിഷയത്തില്‍ ഇടപെടുന്നതും.