ഓസ്ട്രിയയില്‍ അഭയാര്‍ഥികളുടെ വീടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇരട്ടിയായി
വിയന്ന: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഭയാര്‍ഥികളുടെ വീടുകളുടെ നേരെ നടക്കുന്ന വിവിധ ആക്രമണങ്ങള്‍ നേരെ ഇരട്ടിയായതായി റിപ്പോര്‍ട്ട്. 2015ല്‍ 25 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2016ല്‍ 49 എണ്ണമായി കേസുകളുടെ വര്‍ദ്ധന.
കുടിയേറ്റകാരുടെ പ്രശ്ങ്ങളുമായി ബന്ധപ്പെട്ടു രാജ്യത്തെ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു ആഭ്യന്തര മന്ത്രാലയം നല്കിയ മറുപടിയിലാണ് വിവരം പുറത്തുവന്നത്.
കല്ലെറിയുക, വീടിന്റെ ജനലുകളും, വാതിലുകളും തല്ലിപൊളിക്കുക, ഗ്യാസ് പൈപ്പുകള്‍ മുറിച്ചുകളയുക, വംശീയ അധിക്ഷേപങ്ങള്‍ ഭിത്തികളില്‍ എഴുതി വയ്ക്കുക തുടങ്ങിയവയാണ് ആക്രമണ മാര്‍ഗ്ഗങ്ങള്‍. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 95 ശതമാനവും വര്‍ഗ്ഗിയ വിദ്വേഷം പ്രേരകഘടകമായതായി ഓസ്ട്രിയന്‍ പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുറ്റവാളികളെ കണ്ടെത്തുന്നതില്‍ പോലീസ് പൂര്‍ണ്ണമായും വിജയിച്ചിട്ടുമില്ല. അതേസമയം ഓസ്ട്രിയയുടെ 10 ഇരട്ടി ജനസംഖ്യയുള്ള അയല്‍രാജ്യമായ ജര്‍മനിയില്‍ പോയവര്‍ഷം ഇതേ വിഭാഗത്തില്‍ രെജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 900 ആയിരുന്നു.
പൊതുവെ ശാന്തമായ ഓസ്ട്രിയയില്‍ ഇത്തരം കേസുകളുടെ വര്‍ദ്ധന ആശാന് ഉളവാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പല രാജ്യങ്ങളിലും പ്രശ്ങ്ങള്‍ രൂക്ഷമാണ്. 8.7 ദശലക്ഷം പേര് നിവസിക്കുന്ന ഓസ്ട്രിയയില്‍ 2015ല്‍ മാത്രമായി 100300 പേരെ അഭയാര്‍ഥികളായി സ്വീകരിച്ചു.