കോഴിക്കോട് ഭവൻസ് ലോ കോളജിൽ ബീഫ് നിരോധനം ; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
കോഴിക്കോട് : കേരളത്തിലും ബീഫ് നിരോധനം. കോഴിക്കോടുള്ള രാമനാട്ടുകര ഭവൻസ് ലോ കോളജിലാണ് ബീഫിന്റെ പേരില്‍ നിരോധനവും വിവാദവും ഉണ്ടായിരിക്കുന്നത്. കാമ്പസിൽ ബീഫ് വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി കോളജ് യൂനിയൻ മുൻ ചെയർമാൻ എ.ടി. സർജാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. കാമ്പസിൽ വർഗീയപ്രശ്നമുണ്ടാക്കാനാണ് വിദ്യാർഥി ശ്രമിച്ചതെന്നും ഗുരുതര കുറ്റം ചെയ്തതിന് ശിക്ഷിക്കപ്പെടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഒരാഴ്ചക്കകം മറുപടി നൽകാനും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. കോളജിൽ പുറമെനിന്നുള്ള ആളുകളെ കൊണ്ടുവന്ന് നിരന്തരം പ്രശ്നമുണ്ടാക്കുകയാണെന്നും വർഗീയവാദികളുടെ ഏജൻറായാണ് വിദ്യാർഥി പ്രവർത്തിക്കുന്നതെന്നും നോട്ടീസിലുണ്ട്. ഒരു വിഭാഗത്തിന്‍റെ വിശ്വാസങ്ങളെ ബോധപൂർവം അവഹേളിക്കാൻ വിദ്യാർഥി ശ്രമിച്ചതായും നോട്ടീസിൽ ചൂണ്ടിക്കാട്ടി. ഇന്നലെയാണ് വിദ്യാർഥിക്ക് നോട്ടീസ് ലഭിച്ചത്.
അതേസമയം, കോളജിലെ കാൻറീൻ പ്രവർത്തിക്കാത്തതിന്‍റെ പേരിൽ ഭക്ഷണം വിതരണം ചെയ്തത് വർഗീയവത്കരിക്കാനാണ് ശ്രമമെന്ന് വിദ്യാർഥികൾ പറഞ്ഞു. ചോറും സാമ്പാറിനുമൊപ്പം പൊരിച്ച കോഴിയും വിളമ്പി പ്രതീകാത്മക കാൻറീൻ ഒരുക്കുകയാണുണ്ടായത്. കോളജിലെ സൗകര്യങ്ങൾ ചോദ്യം ചെയ്തതാണ് മാനേജ്മെൻറിനെ പ്രകോപിപ്പിച്ചതെന്നും വിദ്യാർഥികൾ പറഞ്ഞു. നോട്ടീസ് കൈപ്പറ്റി മറുപടി നൽകാൻപോലും കഴിയാത്തവിധം പ്രിൻസിപ്പൽ നാട്ടിലേക്ക് പോയെന്നും ഇവർ കുറ്റപ്പെടുത്തി. കോളേജ് കാന്റീനില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് വിതരണം ചെയ്യുവാന്‍ അനുമതി ഉള്ളത്. എന്നാല്‍ കാന്റീന്‍ പ്രവര്‍ത്തനം ഇപ്പോള്‍ താറുമാറായി കിടക്കുകയാണ് അതാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതീകാത്മകമായി ആഹാരം വിളമ്പി പ്രതിഷേധിച്ചത്.അതിനെ വര്‍ഗ്ഗീയവല്ക്കരിച്ചു യതാര്‍ത്ഥ വിഷയത്തില്‍ നിന്നും ഒളിചോടുവാനാണ് കോളേജ് അധികൃതര്‍ ശ്രമിക്കുന്നത്.