പരിക്കേറ്റ ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശുപത്രിയിലേക്ക് മാറ്റി; അറസ്റ്റിനിടെ പൊലീസ് ക്രൂരത വിവരിച്ച് ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്ത്

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് ആസ്ഥാനത്ത് നടപടിക്കിടെ പരിക്ക് പറ്റിയതിനെത്തുടര്‍ന്നു ആശുപത്രിയിലേയ്ക്ക് മാറ്റി. അറസ്റ്റ് വഴങ്ങാതിരുന്ന അവരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടയിലാണ് പരിക്കേറ്റത്. മഹിജയെ വളരെ ക്രൂരമായി പെരുമാറിയ പോലീസ് മഹിജയെ വലിച്ചിഴച്ചിരുന്നു. എആര്‍ ക്യാമ്പില്‍ നിന്ന് പേരൂര്‍ക്കട ആശുപത്രിയിലേക്കാണ് മഹിജയെ അഡ്മിറ്റ് ആക്കിയത്.

അതേസമയം മഹിജയ്ക്കു തലയ്ക്ക് അടിയേറ്റുവെന്ന് അവരുടെ സഹോദരന്‍ ശ്രീജിത് പറഞ്ഞു. പ്രകോപനം ഉണ്ടാക്കാനായി പോലീസ് ബോധപൂര്‍വം ശ്രമിക്കുകയാരുന്നുവെന്നും ശ്രീജിത് ആരോപിച്ചു. പൊലീസ് വിട്ടയച്ചാല്‍ വീണ്ടും പൊലീസ് ആസ്ഥാനത്തേക്ക് പോകും. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മയടക്കം അഞ്ചു പേരുമായി ഡിജിപി ചര്‍ച്ച നടത്താം എന്ന് അറിയിച്ചിരുന്നുവെങ്കിലും പോലീസ് ആസ്ഥാനത്തേക്ക് കടക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ 16 അംഗം സംഘമാണ് കേസില്‍ നീതിലഭിക്കണം എന്ന വിഷയമുയര്‍ത്തി സമരം നടത്താനായി എത്തിയത്.