‘ഇറ്റലിക്കാര്‍ ആന്റി കൃഷ്ണ സ്‌ക്വാഡ് രൂപീകരിച്ചാല്‍ ഇഷ്ടപ്പെടുമോ’: രാംഗോപാല്‍ വര്‍മ്മ

മുംബൈ: ഉത്തര്‍പ്രദേശിലെ പൂവാല വിരുദ്ധ സ്‌ക്വാഡിന് ആന്റി റോമിയോ എന്നു പേരിട്ടതിന് കടുത്ത വിമര്‍ശനവുമായി പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. സംപൂജ്യമായ സ്‌നേഹത്തിന്റെ പ്രതിരൂപമായ റോമിയോയുടെ പേര് ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് നല്‍കാനാകുകയെന്നാണ് അദ്ദേഹം അമര്‍ഷം പ്രകടമാക്കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത്തരത്തില്‍ റോമിയോയുടെ പേര് ദുരുപയോഗം ചെയ്യുകയാണെങ്കില്‍ ഇറ്റലിക്കാര്‍ അവരുടെ സ്വന്തം നാട്ടില്‍ ആന്റി കൃഷ്ണ സ്‌ക്വാഡ് രൂപീകരിച്ചാല്‍ താങ്കള്‍ ഇഷ്ടപ്പെടുമോ എന്നായിരുന്നു വര്‍മയുടെ ചോദ്യം. ട്വിറ്ററിലൂടെയാണ് യോഗിക്കെതിരെ സംവിധായകന്‍ തന്റെ രോഷം പങ്കുവച്ചത്. റോഡ് സൈഡ് റോമിയോ എന്ന സങ്കല്‍പത്തില്‍ നിന്നാണ് ഈ വാക്ക് യോഗി കടമെടുത്തതെന്നാണ് വര്‍മ പറയുന്നത്. സര്‍ക്കാര്‍ പദമായി ഇത്തരം വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ട്വീറ്റ് വിവാദമായതോടെ രാംഗോപാല്‍ വര്‍മ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നു. വര്‍മ്മയെ പോലുള്ളവരെ ട്വിറ്ററില്‍ നിന്ന് നിരോധിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തുവന്നതോടെ വിശദീകരണവുമായി അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തു. പൂവാലനുമായി ചേര്‍ത്ത് വായിക്കേണ്ട പേരല്ല റോമിയോ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു ഇതുസംബന്ധിച്ച വര്‍മ്മയുടെ പ്രതികരണം.