മൊബൈല്‍ കമ്പനികളെ ഒരു വഴിക്കാക്കി ; അടുത്തായി ഡിടിഎച്ച് സംവിധാനവുമായി അംബാനി രംഗത്ത്
മുംബൈ : ജിയോ സിം ഇറക്കി മറ്റുള്ള മൊബൈല്‍ കമ്പനികളെ ഒരു വഴിക്കാക്കിയ അംബാനി ഇപ്പോളിതാ ഡി ടി എച്ച് സേവനങ്ങളില്‍ കൈവെയ്ക്കാന്‍ ഇറങ്ങി. ജിയോ എന്ന പേരില്‍ തന്നെയാണ് ഡി ടി എച്ച് സേവനങ്ങളും റിലൈന്‍സ് ആരംഭിക്കുന്നത്. മൊബൈല്‍ പോലെ തുടക്കത്തില്‍ സൌജന്യ സേവനങ്ങള്‍ തന്നെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 90 ദിവസത്തേയ്ക്ക് വെല്‍ക്കം ഓഫറായി സൗജന്യ സേവനം ലഭ്യമാക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രിലില്‍ തന്നെ സര്‍വ്വീസ് ആരംഭിക്കാനിരിക്കുന്ന ഡിടിഎച്ച് സെറ്റ് ടോപ്പ് ബോക്‌സ് പുറത്തിറക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ സെറ്റ് ടോപ്പ് ബോക്‌സ് എന്നിവ വഴി ഏതുചാനലുകളും ലഭിക്കുന്നതിന് പ്രതിമാസം 180 രൂപയുടെ ഓഫറാണ് പുറത്തിറക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജിയോ ബ്രോഡ് ബാന്‍ഡ് കണക്ഷനില്‍ പ്രവര്‍ത്തിയ്ക്കുന്ന ജിയോ ഡിടിഎച്ച് സെറ്റ്‌ടോപ്പ് ബോക്‌സ് 1 ജിബിപിഎസ് വരെ വേഗതയില്‍ പ്രവര്‍ത്തിയ്ക്കാനാവും. 300 ടിവി ചാനലുകള്‍ 50 എച്ച് ഡി ചാനലുകള്‍ എന്നിവയുമായി പുറത്തിറങ്ങാനിരിക്കുന്ന റിലയന്‍സ് ജിയോ ഡിടിഎച്ചിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തായിരുന്നു. ജിയോയുടെ ലോഗോയുള്ള നീല ബോക്‌സോടെയുള്ള ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. കുറഞ്ഞ നിരക്കില്‍ ഡാറ്റ ലഭ്യമാക്കുന്നതുപോലെ ഡിടിഎച്ച് സേവനവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ജിയോ ഇതുവഴി ലഭ്യമാക്കാനൊരുങ്ങുന്നത്. ചാനല്‍ പരിപാടികള്‍ ഒരാഴ്ച വരെ സേവ് ചെയ്തുവയ്ക്കാമെന്നും ശബ്ദം കൊണ്ട് ടിവിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാമെന്നുമാണ് കമ്പനി ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍. ആദ്യ സേവനം മുംബൈയിലാണ് അവതരിപ്പിക്കുന്നതെന്ന് ജിയോ ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം ജിയോ നിലവില്‍ വന്നാല്‍ ഇപ്പോഴുള്ള കഴുത്തറുപ്പന്‍ നിലപാടുകളില്‍ നിന്നും നമ്മുടെ നാട്ടിലെ കേബിള്‍ ഓപ്പറേറ്റഴ്സ് സഹിതം പിന്നോട്ട് പോകേണ്ടി വരും എന്ന കാര്യം സത്യമാണ്.