ക്ഷേത്ര ഉത്സവത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി (18) കൊല്ലപ്പെട്ടു. പട്ടണക്കാട് അശോകന്റെ മകന്‍ അനന്ദു അശോകനാണ് മരിച്ചത്. ഇന്നലെ വയലാര്‍ നീലിമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി 11 മണിക്കായിരുന്നു സംഭവം. അനന്ദു അശോകന്റെ മരണത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചേര്‍ത്തല പൊലീസ് രണ്ടു പേരെ പിടികൂടിയാതായിട്ടാണ് വിവരം.
അനന്തുവിനെ ഒരു സംഘം വളഞ്ഞുവച്ച് തല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയലാര്‍ രാമവര്‍മ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച അനന്തു. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന അനന്തു അടുത്തിടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും സിപിഎം ആരോപിക്കുന്നുണ്ട്. കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന ചിലര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. എന്നാല്‍ പോലീസ് രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.