ഒരു മരണവീട് പോലെയായി എന്റെ വീട്; ഇനി മേലാല്‍ സാമൂഹ്യ സേവനത്തിനു ഇറങ്ങില്ല: ജൂഡ് ആന്റണി
കൊച്ചി: എറണാകുളത്തെ സുഭാഷ് പാര്‍ക്ക് സിനിമ ചിത്രീകരണത്തിന് വിട്ടുനല്‍കണമെന്ന് ജൂഡ് ആവശ്യപ്പെട്ടത് കൊച്ചി മേയര്‍ സൗമിനി ജെയിന് നിരസിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. കൗണ്‍സില്‍ തീരുമാനപ്രകാരം പാര്‍ക്ക് ചിത്രീകരണത്തിന് വിട്ടുനല്‍കാനാവില്ലെന്ന് മേയര്‍ അറിയിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ സംവിധായകന് മേയറെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നുമാണ് കേസ്. തന്നെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായ രീതിയില്‍ സംസാരിക്കുകയും ചെയ്തതിനു കൊച്ചി മേയര്‍ തിങ്കളാഴ്ച സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്നാണ് അദ്ദേഹം വിശദികരണകുറിപ്പുമായി രംഗത്ത് എത്തിയത്.
ജൂഡ് ആന്റണിയുടെ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍:
ചങ്ക് തകര്‍ന്നാണ് ഞാനീ കുറിപ്പെഴുതുന്നത്. അല്പം നീളം കൂടാന്‍ സാധ്യതയുണ്ട്. എന്റെ പേരില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ , കൊച്ചിന് മേയര്‍ സൗമിനി ജെയിന് മാഡത്തിനെ ഭീഷണിപ്പെടുത്തിയതിനു കേസ് ഉണ്ടെന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നിട്ടുണ്ട്. എല്ലാ കൂട്ടുകാരും ബന്ധുക്കളും വീട്ടുകാരും ആകെ വിഷമത്തിലാണ്. പക്ഷെ ഇത് ഉണ്ടാകാനുള്ള സാഹചര്യം പറയണം എന്ന് എനിക്ക് തോന്നുന്നു.
എന്നെ സ്നേഹിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു പത്ര വായനയില്‍ ധാരാളം ബാല ലൈംഗിക പീഡന വാര്‍ത്തകള്‍ കണ്ടപ്പോള്‍, ബന്ധുക്കളടക്കം കുട്ടികളെ പീഡിപ്പിക്കുന്നു എന്നൊക്കെ വാര്ത്തകകള് കണ്ടപ്പോള്‍ ഒരു കൊച്ചു കുഞ്ഞിന്റെ പിതാവ് കൂടിയായ എനിക്ക് കുഞ്ഞുങ്ങള്‍ക്ക് ഒരു ബോധവല്കരണമാണ് നല്ലത് എന്ന് തോന്നി. ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റും ഇത്തരത്തില്‍ വീഡിയോ യൂടുബില്‍ ഉണ്ട്. ആമിര്‍ ഖാന് സത്യമേവ ജയതേ എന്ന പരിപാടിയില്‍ ഇത്തരം അവയര്‍നസ് വീഡിയോ ചെയ്തിട്ടുണ്ട്. എന്ത് കൊണ്ട് അതിന്റെ മലയാളം വേര്‍ഷന്‍ ചെയ്തു കൂട എന്ന് ഞാന്‍ ചിന്തിച്ചു.
നിവിന്‍ പോളി എന്റെ വളരെ അടുത്ത സുഹൃത്തും വഴികാട്ടിയും ആയതു കൊണ്ട് നിവിനോട് തന്നെ ഇത്തരത്തില്‍ ഒരു വീഡിയോ ചെയ്താലോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ തന്നെ നമുക്കത് ചെയ്യാം എന്ന് അവന് സമ്മതിക്കുകയും ചെയ്തു. ഇത് സംഭവിക്കുന്നത് നവംബര്‍ മാസത്തിലാണ്. അന്ന് മുതല്‍ ഇത് എങ്ങനെ പൊതു ജനങ്ങളിലേക്ക് എത്തിക്കാം എന്നായി എന്റെ ചിന്ത, കൂടുതല്‍ കുട്ടികള്‍ ഇത് കാണണം എന്ന ഉദ്ദേശം ഉള്ളതിനാല്‍ സംസ്ഥാന ബാലവകാശ കമ്മീഷനെ ഞാന്‍ സമീപിച്ച് ഇത്തരം വീഡിയോ ഞങ്ങള്‍ പ്രതിഫലമില്ലാതെ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അവര്‍ വളരെയധികം സന്തോഷത്തോടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
ഞാന്‍ എഴുതിയ തിരക്കഥ രണ്ട് മൂന്നു തവണ ബാലവാകാശ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ തിരുത്തി ഷൂട്ടിനു അനുയോജ്യമാക്കി. മന്ത്രി ശൈലജ ടീച്ചര്‍ ഇതിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും, എല്ലാ സ്കൂളുകളിലും ഈ വീഡിയോ കാണിക്കാന്‍ അവസരം ഒരുക്കാം എന്ന് സമ്മതിക്കുകയും ചെയ്തു.ആയിടക്കാണ് ബോധിനി എന്ന സംഘടന ഇത്തരത്തില്‍ ബാലപീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒരേ ദിശയില്‍ സഞ്ചരികുന്നവര്‍ ഒന്നിക്കുന്നത് നല്ലതെന്ന് തോന്നി ഞാന്‍ അവരെ സമീപിച്ചു.
വീഡിയോ ഷൂട്ടിങിനു ചിലവാകുന്ന തുക അവര്‍ വഹിച്ചോളം എന്ന് സമ്മതിച്ചു. തുടര്‍ന്ന് ലൊക്കേഷന്‍ അന്വേഷിച്ചു തുടങ്ങി. ഒടുവില്‍ എറണാകുളം സുഭാഷ് പാര്‍ക്ക് അനുയോജ്യമായ ലൊക്കേഷന്‍ ആയി തോന്നി. ബോധിനിയില്‍ തന്നെ അംഗമായ ശ്രീ ഹൈബി ഈഡന് സാറിനെ വിളിച്ച് പാര്‍ക്ക് ഷൂട്ട് ചെയ്യാനുള്ള അനുവാദം ശരിയാക്കി തരണം എന്ന് പറഞ്ഞപ്പോള്‍ പൂര്‍ണ മനസോടെ അതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹവും തയ്യാറായി. എന്നാല്‍ സിനിമ ഷൂട്ടിങിന് പാര്‍ക്ക് തരില്ല എന്ന് സൗമിനി മാം നിലപാടെടുത്തു.
ഒരു മുത്തശ്ശി ഗദ കുറച്ചു വൃദ്ധസദനത്തിലെ അന്തേവാസികളെ സൗജന്യമായി കാണിച്ച ചടങ്ങില്‍ വച്ച് കണ്ട പരിചയം വച്ച് ഞാന്‍ സൗമിനി മാമിനെ ഫോണില്‍ വിളിച്ച് ഈ വീഡിയോയുടെ ഉദ്ദേശവും പ്രതിഫലമില്ലാതെ നിവിന്‍ അഭിനയിക്കുന്ന കാര്യവും പറഞ്ഞു. എന്നിട്ടും സമ്മതിക്കാതെ നിങ്ങള്‍ പോയി സര്‍ക്കാരില്‍ നിന്നും ഓര്‍ഡര്‍ കൊണ്ട് വന്നാല്‍ തരാം എന്ന് പറഞ്ഞു. അത് പ്രകാരം ഞാന്‍ ശൈലജ ടീച്ചറോട് അപേക്ഷികുകയും ടീച്ചര്‍ ഇതൊരു പ്രത്യേക കേസ് ആയി കണ്ടു അനുമതി കൊടുക്കണം എന്ന് സര്‍ക്കാരില്‍ നിന്നും ഒരു ശുപാര്‍ശ മേയര്‍ക്ക് അയക്കുകയും ചെയ്തു. വളരെ തിരക്കുള്ള നിവിന്‍ ഏപ്രില്‍ 5 നമുക്ക് ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഞായറാഴ്ച മേയരുമായി ഫോണില്‍ സംസാരിച്ചു കാണാന്‍ ഒരു അവസരം തരണം എന്ന് പറഞ്ഞപ്പോള്‍ തിങ്കളാഴ്ച രാവിലെ പത്തര മണിക്ക് ഓഫീസില്‍ വാരാന്‍ പറഞ്ഞു. അത് പ്രകാരം ഞാന്‍ ചെന്നപ്പോള്‍, പാര്‍ക്ക് തന്റെ അധികാര പരിധിയില്‍ ആണെന്നും മന്ത്രിയെ കൊണ്ട് അത് കൊടുക്കാന്‍ പറയിപ്പിച്ചത് തന്നെ അപമാനിച്ച പോലെയാണെന്നും പറഞ്ഞു.
അത്തരത്തില്‍ ഒരു വിഷമം ഉണ്ടായെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു എന്ന് ഞാന്‍ പറയുകയും ചെയ്തു. ഈ വീഡിയോയുടെ സദുദേശം പരിഗണിച്ചു നമുക്ക് ഒന്ന് ചേര്‍ന്ന് ഇത് ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ വീണ്ടും വീണ്ടും ഇത് നല്കാന് സാധിക്കില്ല എന്ന് പറഞ്ഞപ്പോള്‍, കഴിഞ്ഞ ആറു മാസത്തോളം ഇതിന് വേണ്ടി കഷ്ടപെട്ട എനിക്ക് അത്യധികം സങ്കടം തോന്നി. ‘ നിങ്ങള്‍ എത്ര മോശം കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ കണ്ണടക്കുന്നുണ്ടാകും, ഈ നല്ല കാര്യത്തിനു ഹെല്പ് ചെയ്യാത്തത് മോശമായിപോയി, ഞാന്‍ ഇതിനെതിരെ പ്രതികരിക്കും ‘ എന്നും പറഞ്ഞു ഞാന്‍ അവിടെ നിന്നും ഇറങ്ങി പോന്നു. മറ്റൊരു പാര്‍ക്കായ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് പാര്‍ക്ക് കണ്ടെത്തി ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. ഇന്നലെ അതിന്റെ ഷൂട്ടിങ് കഴിയുകയും ചെയ്തു.
എന്നാല്‍ അന്ന് തന്നെ എന്റെ പേരില്‍ കേസ് ഉണ്ടെന്നറിഞ്ഞ് അത് കോമ്പ്രമൈസ് ചെയ്യാന്‍ ഞാന്‍ പിറ്റേന്ന് തന്നെ സൗമിനി മാഡത്തിന്റെ ഓഫീസില്‍ പോയി എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് പറ്റിയെങ്കില്‍ ക്ഷമ ചോദിക്കുകയും ചെയ്തു, എന്നാല്‍ പത്രസമ്മേളനം വിളിച്ചു മാപ്പ് പറയണം എന്നാണ് മാം ആവശ്യപ്പെട്ടത്. പിറ്റേന്ന് ഷൂട്ട് ഉള്ളതിനാല്‍ അതിന് ശേഷം ആലോചിച്ചു ചെയ്യാം എന്ന് പറഞ്ഞാണ് ഞാന്‍ അവിടെ നിന്നും പോന്നത്. പിന്നീടാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ലോകം മുഴുവന്‍ ഇതിന്റെ സത്യാവസ്ഥ അറിയണം.
ഇത്തരത്തില്‍ ഒരു നല്ല കാര്യത്തിന് ഇറങ്ങി പുറപ്പെട്ട് ഒരു കേസില്‍ പ്രതിയാകേണ്ടി വന്നതില്‍ അത്യധികം സങ്കടമുണ്ട്. പത്രത്തിലെ വാര്‍ത്തകള്‍ കണ്ടു, ഒരു മരണ വീട് പോലെ എന്റെ വീട് ആക്കിയതിലും എന്നെ സ്നേഹിക്കുന്നവരെ ഇത്തരം വാര്‍ത്തകള്‍ വിഷമിപ്പിച്ചതിലും ഞാന്‍ മാപ്പ് ചോദിക്കുന്നു. ഇനി മേലാല്‍ സാമൂഹ്യ സേവനത്തിനു ഇറങ്ങില്ല എന്ന് സങ്കടത്തോടെ പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു. (എന്നെ സഹായിക്കാന്‍ വന്ന എല്ലാവരോടും നന്ദി പറയുന്നു. നിങ്ങളുടെ പേരുകള്‍ ഇതില്‍ വലിച്ചിഴച്ചതില്‍ ക്ഷമ ചോദിക്കുന്നു.)