ബ്രക്‌സിറ്റിന് ശേഷം യു.കെ വിസയ്ക്ക് വന്ന മാറ്റങ്ങള്‍


ലണ്ടന്‍: പുതിയ സാഹചര്യത്തില്‍ യു.കെ വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. ഇന്ത്യ ഉള്‍പ്പടെ യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് വിസ നല്‍കുന്നതിനാണ് യു.കെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൊഴില്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ യു.കെ പൗരന്‍മാരെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങള്‍.

ടയര്‍ ടു വിസ നല്‍കുന്നതിനാണ് യു.കെ കടുത്ത നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പടെ രാജ്യങ്ങള്‍ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് ഈ വിസ സംവിധാനമാണ്. ഇന്ത്യയുള്‍പ്പടെയുള്ള യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ യു.കെയില്‍ ജോലിക്കെത്തിക്കുന്ന സ്‌പോണ്‍സര്‍മാര്‍ ഇനി 1,000 പൗണ്ട് ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജായി നല്‍കണം. സന്നദ്ധസംഘടനകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഇതില്‍ ഇളവുണ്ട്. ഇവര്‍ 364 പൗണ്ട് നല്‍കിയാല്‍ മതിയാവും.

പുതിയ തീരുമാനം മൂലം യു.കെയിലെ പല സ്ഥാപനങ്ങളും യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ കുറവ് വരുത്താനാണ് സാധ്യത. യു.കെ വിസക്ക് അപേക്ഷിക്കുന്നവര്‍ ക്രിമിനല്‍ കേസുകള്‍ നിലവില്ല എന്നതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷക്കൊപ്പം നല്‍കണം. ടയര്‍ ടു വിസയുമായി യു.കെയില്‍ ജോലിക്കെത്തുന്നവരുടെ മിനിമം ശമ്പളം 25,000 പൗണ്ടില്‍ നിന്ന് 30,000 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്.