കേരളത്തിലെയും തമിഴ്നാട്ടിലെയും കറുത്ത ജനങ്ങളുടെ കൂടെ തങ്ങള്‍ ജീവിക്കുന്നില്ലേ എന്ന് ബിജെപി നേതാവ്

മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ബിജെപി നേതാവ്. രാജ്യത്ത് നൈജീരിയക്കാര്‍ ആക്രമിക്കപ്പെട്ട സംഭവത്തിചല്‍ രാജ്യാന്തര ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന. ദക്ഷിണേന്ത്യക്കാരായ കറുത്തവര്‍ ചുറ്റുപാടും കഴിയുന്നുണ്ടെന്നും അവര്‍ക്കൊപ്പം കഴിയുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്നുമായിരുന്നു മുന്‍ ബിജെപി എംപി കൂടിയായ തരുണ്‍ വിജയ്‌ പ്രസ്താവിച്ചത്. ‘നമ്മള്‍ വംശീയ വിരോധികളായിരുന്നെങ്കില്‍ നമുക്ക് എങ്ങനെയാണ് ദക്ഷിണേന്ത്യ ഉണ്ടാകുക. തമിഴ്‌നാട് , കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെയെല്ലാം ആളുകള്‍ക്കൊപ്പമല്ലേ നമ്മള്‍ ജീവിക്കുന്നത്. എത്ര കറുത്ത മനുഷ്യരാണ് നമുക്ക് ചുറ്റിലുമുള്ളത്’ എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങള്‍ വംശീയമാണെന്ന് പറയാന്‍ കഴിയില്ലെന്നും ചര്‍ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള തരുണിന്റെ മറുപടി. അതേസമയം ദക്ഷിണേന്ത്യക്കാരെയും ഇരുണ്ട നിറമുള്ളവരെയും ഉള്‍ക്കൊള്ളുന്നത് മഹാമനസ്‌കതയായി തോന്നിപ്പിക്കുന്ന പരാമര്‍ശം വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. അവസാനം സംഗതി വിവാദമായതോടെ പരാമര്‍ശം മോശവും പരിഹാസാത്മകവും ആണെന്ന അദ്ദേഹം കുറ്റസമ്മതം നടത്തി, ട്വിറ്ററിലൂടെ മാപ്പ് പറയുകയും ചെയ്തു.