പെട്രോള്‍ ഡീസല്‍ വില ഇനി ദിവസവും മാറും ; ജനങ്ങളുടെ നല്ലതിന് വേണ്ടി എന്ന് കമ്പനികള്‍

മുംബൈ : പെട്രോള്‍ ഡീസല്‍ വില നിയന്ത്രണത്തില്‍ മാറ്റംവരുത്തുവാന്‍ എണ്ണകമ്പനികളുടെ തീരുമാനം. ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് ആനുപാതികമായി പെട്രോള്‍ വില ദിനംപ്രതി നിശ്ചയിക്കുന്ന രീതി രാജ്യത്ത് ഉടന്‍ നടപ്പിലായേക്കും. നിലവില്‍ രാജ്യത്ത് രണ്ടാഴ്ച കൂടുമ്പോളാണ് ഇന്ധനവിലയില്‍ പരിഷ്‌ക്കരണം ഉണ്ടാവാറ്. പുതിയ തീരുമാനം നടപ്പിലാക്കിയാല്‍ ദിവസവും പെട്രോള്‍ വിലയില്‍ ഏറ്റക്കുറച്ചില്‍ പ്രതീക്ഷിക്കാം.ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമാവുകയും ചെയ്യുമെന്നു പറയപ്പെടുന്നു. ആഗോളവിപണികളിലെല്ലാം ഈ രീതിയിലാണ് ഇന്ധനവില നിശ്ചയിക്കപ്പെടുന്നത്. ഇന്ത്യയില്‍ ഈ രീതി നടപ്പില്‍ വരുത്തുന്നതിനുള്ള പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്ന് എണ്ണക്കമ്പനികള്‍ പരിശോധിച്ച് വരികയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ് രാജ്യത്തെ 95 ശതമാനം റീട്ടെയ്ല്‍ എണ്ണ വിപണിയും. നിലവില്‍ അന്താരാഷ്ട്രവിപണിയില്‍ ഇന്ധനവില കുറഞ്ഞാലും രാജ്യത്ത് വലിയ മാറ്റം ഉണ്ടാവാറില്ല. എന്നാല്‍ പുതിയ നിയമം വരുന്നതോടെ നിലവിലെ അവസ്ഥ മാറും എന്നാണു കമ്പനികള്‍ പറയുന്നത്.