പശുക്കളുടെ പേരില്‍ കൊലപാതകം ; ആറു സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി :   പശുക്കളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ രാജ്യത്ത് അടുത്തകാലത്തായി ധാരാളം കൊലപാതകങ്ങളും അക്രമങ്ങളും നടന്നുവരികയാണ്. ബീഫ് കഴിച്ചു എന്ന പേരില്‍ പശുക്കളെ കടത്തി എന്ന പേരിലും ഗോരക്ഷാ സേനാ പ്രവര്‍ത്തകര്‍ കര്‍ഷകരെയും സാധാരണക്കാരെയും ക്രൂരമായി മര്‍ദിച്ചു കൊല്ലുകയാണ് ഇപ്പോള്‍. പോലീസും ഭരണകൂടവും നിയമത്തിന്‍റെ പേരും പറഞ്ഞു പ്രതികളെ വെറുതെ വിടുകയും ഇരകളെ കേസില്‍ കുടുക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് കാരണം അക്രമണത്തിനെതിരെ അവസാനം  സുപ്രീംകോടതി നേരിട്ട് ഇടപെട്ടു. പശു സംരക്ഷണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ, ഝാർഖണ്ഡ്, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.  പശുസംരക്ഷകരെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജിയിലാണ് കോടതി ഇത്തരത്തില്‍  നടപടി സ്വീകരിച്ചത്.  അതിനിടെ കഴിഞ്ഞദിവസം രാജസ്ഥാനിൽ പശു സംരക്ഷകർ  ട്രക്കില്‍ പശുക്കളുമായി പോവുകയായിരുന്ന ഒരാളെ അടിച്ചു കൊന്നിരുന്നു.  എന്നാല്‍ പശുക്കളുടെ പാല് വിറ്റ് ഉപജീവനം നടത്തുന്ന ഒരു  ക്ഷീര കർഷകനെയാണ് ഇവര്‍ അടിച്ചുകൊന്നത്.