ആറ്റിങ്ങലില്‍ 85 വയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ തിരുവനന്തപുരം ആറ്റിങ്ങലില്‍ ഒരാള്‍ കൊല്ലപ്പെട്ടു.  ആറ്റിങ്ങലില്‍ ചരുവിള സ്വദേശി  കുഞ്ഞുകൃഷ്ണനാണ് മരിച്ചത്.  ഇന്നലെ വൈകീട്ട് ആറ് മണിയോടെ മുടിവെട്ടാനായി വീട്ടില്‍ നിന്ന് പുറത്ത് പോയതായിരുന്നു കുഞ്ഞുകൃഷ്ണന്‍. രാത്രി ഏറെ വൈകിയിട്ടും കാണാതായപ്പോള്‍ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനും തോളിനും മാരകമായി മുറിവേറ്റിട്ടുണ്ട്.   നായ്ക്കള്‍ കടിച്ചുവലിക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. നായ്ക്കളെ ഓടിച്ചശേഷമാണ് നാട്ടുകാര്‍ക്ക് മൃതദേഹത്തിനടുത്ത് എത്താന്‍ പോലും കഴിഞ്ഞത്. വലതുകൈ മൃതദേഹത്തില്‍ ഇല്ലായിരുന്നു. ചെവിയും മുഖത്തിന്റെ ഒരു ഭാഗവും നായ്ക്കല്‍ കടിച്ചുപറിച്ചു. ശരീരത്തില്‍ പലയിടത്തും എല്ലുകള്‍ മാത്രമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് തെരുവ്നായ ശല്യം രൂക്ഷമാണെന്നും സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ നിയമം കൈയ്യിലെടുക്കേണ്ടി വരുമെന്നും നാട്ടുകാര്‍ പറയുന്നു.മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.