ജിഷ്ണു കേസ് ; പോലീസിനെ ന്യായീകരിച്ചു സര്‍ക്കാരിന്റെ പത്രപരസ്യം
തിരുവനന്തപുരം : പോലീസിന്റെ വീഴ്ച്ച മറയ്ക്കുവാന്‍ സാധാരണക്കാരുടെ നികുതി പണം മുടക്കി സര്‍ക്കാരിന്റെ പത്രപരസ്യം. പൊലീസുകാര്‍ക്കെതിരായ മഹിജയുടേയും കുടുംബത്തിന്റെയും പരാതികള്‍ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് പി.ആര്‍.ഡിയുടെ പരസ്യം. മഹിജയെ പൊലീസ് വലിച്ചിഴച്ചുവെന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ്. ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയ മഹിജക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പുറത്തു നിന്നും നുഴഞ്ഞുകയറിയ സംഘമാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മകന്‍ നഷ്‌ടപ്പെട്ട കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തില്‍ ബോധപൂര്‍വ്വമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ചിലരുടെ നീക്കമെന്ന് ലക്ഷങ്ങള്‍ മുടക്കിയ പരസ്യത്തിലൂടെ സര്‍ക്കാര്‍ വിശദീകരിക്കുന്നു. പ്രചാരണമെന്ത്, സത്യമെന്ത് എന്നാണ് പരസ്യത്തിന്റെ തലക്കെട്ട്.
എന്നാല്‍ പരസ്യത്തില്‍ സത്യമില്ലെന്നാണ് മഹിജയുടെ മറുപടി. എന്താണ് സംഭവിച്ചതെന്ന് തന്നെ ഒന്നു വിളിച്ച് ചോദിക്കുക പോലും ചെയ്തില്ലെന്നാണ് ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതികരിച്ചു. ഇതുവരെ സര്‍ക്കാറിനെ വിമര്‍ശിക്കാതിരുന്ന മഹിജയും കുടുംബവും പരസ്യത്തിന്റെ പേരില്‍ സര്‍ക്കാറിനെതിരെ പ്രതികരിച്ചു തുടങ്ങി. സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ച് ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും രംഗത്തെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മഹിജയുടെ നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നു. മഹിജക്ക് കടുത്ത ക്ഷീണമുണ്ട്. എന്നാല്‍ ഇന്നും ഡിസ്ചാര്‍ജ്ജ് ചെയ്യില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്.