വിയന്ന നിവാസികള്‍ക്ക് ആരോഗ്യം വേണോ: 1450 വിളിക്കുക!
വിയന്ന: ജനങ്ങളുടെ ആരോഗ്യം കാര്യക്ഷമമായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓസ്ട്രിയയിലെ വിയന്ന, ലോവര്‍ ഓസ്ട്രിയ, ഫോറാല്‍ബെര്‍ഗ് എന്നീ സംസ്ഥാനങ്ങളില്‍ ആരോഗ്യ മന്ത്രാലയവും അതാതു സംസ്ഥാന ആരോഗ്യവകുപ്പും ചേര്‍ന്ന് ആരംഭിച്ചു.
കോഡുകള്‍ ഒന്നും കൂടാതെ ഡയറക്റ്റ് ഡയല് സംവിധാനത്തോടുകൂടി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 1450 എന്ന നമ്പര്‍ മാത്രം വിളിച്ചാല്‍ മതി, ആവശ്യക്കാര്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങളില്‍ ഉപദേശം ലഭിക്കും. ഉടനടി ആംബുലന്‍സ് വാഹന സഹായം തേടുകയോ ആശുപത്രിയിലേക്കോ ഡോക്ടറിന്റെ അടുത്തേക്കോ ഓടുകയോ വേണ്ട; ഒരു പക്ഷെ ഒരാള്‍ക്ക് തന്നെ പരിഹരിക്കാവുന്ന ഒരു പ്രശ്നം മാത്രം ആയിരിക്കും അത്; ആദ്യംതന്നെ 1450 വിളിച്ചാല്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കും.
പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള, ആതുരശുശ്രുഷയില്‍ പ്രഗത്ഭരായ ഉദ്യോഗസ്ഥര്‍ വൈദ്യശാസ്ത്രത്തിന്റെ അത്യാധുനിക സംവിധാങ്ങളുടെയും, നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും 1450 വിളിക്കുമ്പോള്‍ സഹായത്തിനെത്തുന്നത്. യുണൈറ്റഡ് കിങ്ഡം, ഇസ്രായേല്‍, ഡെന്മാര്ക്, സ്വിറ്റ്ര്ലാന്ഡ് എന്നി രാജ്യങ്ങളില്‍ ഇത്തരം പ്രോജക്ടുകള്‍ വിജയപ്രദമായി നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രിയയിലും ഈ സംവിധാനം തുടക്കം കുറിച്ചത്.
വിയന്ന ഗേബിറ്സ്ക്രാങ്കന്കാസ്സ നടത്തിയ പഠനത്തിന്റെ ഫലമായി ഓസ്ട്രിയയിലെ ഏറ്റവും വലിയ ആശുപത്രിയായ ജനറല്‍ ആശുപത്രിയില്‍ (A.K.H) എത്തുന്ന 40% പേര്‍ക്കും അവിടുത്തെ ചികിത്സയുടെ യാതൊരാവശ്യവും ഇല്ലായിരുന്നു എന്ന് മനസിലാക്കിയതായി ക്രാങ്കന്കാസ്സ പ്രസിഡന്റ് ഇന്‍ഗ്രിഡ് റൈഷില് അറിയിച്ചു. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന ചെലവുകളും 1450 ഡയല് ചെയ്താല്‍ കുറക്കാന്‍ സാധിക്കും എന്നാണ് അധികൃതരുടെ വിശ്വാസം.
അതേസമയം നിലവിലുള്ള അത്യാഹിതനമ്പറുകള് (144, 141) തുടര്‍ന്നും പ്രവര്‍ത്തിക്കും എന്നും അറിയിച്ചട്ടുണ്ട്. 2018ന്റെ അവസാനത്തോടുകൂടി 1450 എന്ന പുതിയ നമ്പറിന്റെ കാര്യക്ഷമതയെപ്പറ്റി രാജ്യത്ത് ആധികാരികമായ പഠനം നടത്തി ഇത് എല്ലാ സ്ഥലത്തേയ്ക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.