സ്വന്തം മകള്‍ക്ക് പുതിയ ഡ്രസ്സ് വാങ്ങുവാന്‍ രണ്ടുവര്‍ഷം ഭിക്ഷയെടുത്ത ഒരു അച്ഛന്‍ ; ഒരു യതാര്‍ത്ഥ ഗ്രേറ്റ് ഫാദറിന്റെ കഥ

ഭിക്ഷക്കാര്‍ സമൂഹത്തില്‍ എല്ലായിടങ്ങളിലും ഉള്ള ഒരു വിഭാഗമാണ്‌. പൊതുഇടങ്ങളിലും അമ്പലം, പള്ളി എന്നിങ്ങനെ നാലാള് കൂടുന്ന എല്ലായിടത്തും അവരുടെ സാന്നിധ്യം നാം കാണുന്നുണ്ട്. പല ഇടങ്ങളിലും നമ്മള്‍ അവരെ ആട്ടിയോടിക്കാറുമുണ്ട്. പരിഹസിക്കാറുണ്ട് , ഉപദ്രവിക്കാറുണ്ട്. ഒരു മനുഷ്യന്‍റെ ഏറ്റവും നിസഹായമായ അവസ്ഥയാണ് മറ്റുള്ളവരുടെ മുന്‍പില്‍ കൈ നീട്ടുക എന്നത്. സ്വാതന്ത്ര്യം ലഭിച്ചു ഇത്രയും നാളുകള്‍ ആയിട്ടും ഈ വിഭാഗത്തില്‍പെട്ടവരുടെ എണ്ണം കൂടിയതല്ലാതെ ഇതുവരെ കുറഞ്ഞിട്ടില്ല. ചില നഗരങ്ങളില്‍ വന്‍മാഫിയകള്‍ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവരെപറ്റിയല്ല ഈ വാര്‍ത്ത. ഇതൊരു ഭിക്ഷക്കാരനായ അച്ഛന്റെ കഥയാണ്‌. കുടുംബം നോക്കുവാന്‍ വേണ്ടി പൊതുനിരത്തില്‍ ഭിക്ഷയെടുത്ത്‌ ജീവിക്കുന്ന ഒരച്ഛന്റെ ജീവിതകഥ. കവ്സര്‍ ഹുസൈന്‍ എന്ന അച്ഛനാണ് തന്‍റെ മകള്‍ക്ക് പുതിയ ഒരു ഡ്രസ്സ്‌ വാങ്ങുവാന്‍ രണ്ടുവര്‍ഷം ഭിക്ഷയെടുത്തത്. കേള്‍ക്കുന്നവര്‍ക്ക് നിസ്സാരമായി തോന്നാം എങ്കിലും തന്റെ മകള്‍ ഒരു പുതിയ വസ്ത്രം ധരിച്ചു കാണുവാന്‍ ആ അച്ഛന്‍ അനുഭവിച്ച അവഗണനകളും കഷ്ടതകളും പറയുവാന്‍ സാധ്യമല്ല. ഒരു അപകടത്തില്‍ തന്റെ വലതുകൈ നഷ്ടമായതോടെയാണ് ഹുസൈന്റെ ജീവിതം വഴിമുട്ടിയത്.അതുവരെ ചില്ലറ ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്തി വന്നിരുന്ന ഹുസൈന്‍ കൈ കൂടി നഷ്ടമായതോടെ എന്ത് ചെയ്യണം എന്ന് അറിയാതെ അവസാനം നാണക്കേട് സഹിച്ച് ഭിക്ഷാടനത്തിനു ഇറങ്ങുകയായിരുന്നു. ഇവരുടെ ജീവിതം കണ്ട ഫോട്ടോഗ്രാഫര്‍ ആയ ആകാശ് എന്ന യുവാവാണ് ഇവരെ പറ്റി ചിത്രം സഹിതം തന്റെ ഫേസ്ബുക്കിലൂടെ ലോകത്തിനെ അറിയിച്ചത്. ആകാശിന്റെ പോസ്റ്റ്‌ വൈറല്‍ ആയിമാറിക്കഴിഞ്ഞു.

പോസ്റ്റ്‌ പൂര്‍ണ്ണരൂപം :

കഴിഞ്ഞ ദിവസം ഞാന്‍ എന്‍റെ മകള്‍ക്ക് രണ്ടു വര്‍ഷത്തിനു ശേഷം ഒരു പുതിയ വസ്ത്രം വാങ്ങി നല്‍കി. അഞ്ചുരൂപയുടെ അറുപത് നോട്ടുകള്‍ ഞാന്‍ കടക്കാരന് നല്‍കി. നോട്ടുകള്‍ കണ്ട കടക്കാരന്‍ ചോദിച്ചു എന്താ താന്‍ ഭിക്ഷക്കാരന്‍ ആണോ എന്ന്. ഇതുകേട്ട് തന്റെ മകള്‍ കരഞ്ഞു.അവള്‍ എന്നെയും കൂട്ടിക്കൊണ്ടു ഷോപ്പില്‍ നിന്നും പുറത്തിറങ്ങി.ഞാന്‍ എന്റെ ഒരു കൈകൊണ്ടു അവളുടെ കണ്ണുനീര്‍ തുടച്ചു. അതെ ഞാന്‍ ഭിക്ഷകാരനാണ്.എന്നാല്‍ പത്തുവര്‍ഷം മുന്‍പ് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല എന്‍റെ ഇന്നത്തെ ജീവിതം ഇങ്ങനെയാകും എന്ന്. പാലത്തില്‍ നിന്നും താഴേയ്ക്ക് വീണു ഉണ്ടായ അപകടത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു എന്നാല്‍ എന്റെ ഒരു കൈ അതിനു പ്രതിഫലമായി കൊടുക്കേണ്ടി വന്നു. അതിനു ശേഷം ജീവിക്കാന്‍ വേണ്ടി ഈ തൊഴിലിനു ഇറങ്ങേണ്ടി വന്നു. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്റെ മകള്‍ ഒരു പുതിയ വസ്ത്രം ധരിക്കുന്നത്. ഇന്നത്തെ ദിവസം മുഴുവന്‍ ഞാന്‍ അവളുമായി കറങ്ങി നടക്കും.എന്‍റെ ഭാര്യ അറിയാതെ ഞാന്‍ അയല്‍വാസിയുടെ മൊബൈല്‍ കടം വാങ്ങിച്ചിരുന്നു. ഇതുവരെ മകളുടെ ഒരു ചിത്രം പോലും എടുക്കുവാന്‍ കഴിഞ്ഞിട്ടില്ല.എന്നാല്‍ ഇന്ന് പുതിയ വസ്ത്രത്തില്‍ അവളുടെ ചിത്രങ്ങള്‍ എനിക്ക് എടുക്കണം. കൈയ്യില്‍ കാശ് വന്നാല്‍ എനിക്കും ഇതുപോലെ ഒരു മൊബൈല്‍ഫോണ്‍ വാങ്ങണം മക്കളുടെ ധാരാളം ചിത്രങ്ങള്‍ എടുക്കണം.നാളെ ഒരുകാലത്ത് അതൊക്കെ നോക്കി ഇന്നലെകളെ ഓര്‍ക്കണം.രണ്ടുമക്കളാണ് എനിക്ക് ഒരു മകനും മകളും ഇരുവരെയും സ്കൂളില്‍ അയക്കുക വളരെ ബുദ്ധിമുട്ടാണ് എന്നാലും ഞാന്‍ ഇരുവരുടെയും പഠനം മുടക്കിയിട്ടില്ല. ചിലപ്പോള്‍ സ്കൂളിലെ പരീക്ഷാ ഫീസുകള്‍ നല്‍കുവാന്‍ ബുദ്ധിമുട്ടാറുണ്ട്. ഇപ്പോള്‍ ഞാന്‍ ഭിക്ഷയെടുക്കാന്‍ പോകുമ്പോള്‍ മകളും കൂടെ വരും.അവള്‍ക്ക് പേടിയാണ് റോഡില്‍ മുഴുവന്‍ വലിയ വാഹനങ്ങളാണ് എന്നെ ഏതെങ്കിലും വന്നു ഇടിച്ചു വീണ്ടും എനിക്ക് അപകടം സംഭവിക്കുമോ എന്ന പേടിയാണ് അവള്‍ക്ക്. ഭിക്ഷയെടുക്കുന്നത് മോശമാണ് എന്ന് എന്ന് തോന്നുന്നില്ല.അതില്‍ വലിയ വിഷമവും ഇല്ല.എന്നാല്‍ എന്നെ കാത്ത് വഴിവക്കില്‍ നില്‍ക്കുന്ന മകള്‍ തല താഴ്ത്തി നില്‍ക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ വിഷമം വരാറുണ്ട്.അതുകൊണ്ടുതന്നെ ആ സമയം അവളുടെ കണ്ണുകളില്‍ നോക്കുവാന്‍ എന്നെക്കൊണ്ട് സാധിക്കാറില്ല.എന്നാല്‍ ഇന്ന് അങ്ങനെയല്ല കാരണം ഇന്നവള്‍ വളരെ സന്തോഷവതിയാണ്. ഇന്നവളുടെ അച്ഛന്‍ ഭിക്ഷക്കാരന്‍ അല്ല. ഇന്ന് അയാള്‍ ഒരു രാജാവാണ് അവള്‍ ഒരു രാജകുമാരിയും.