ഉത്സവപരിപാടിക്ക് താമസിച്ചെത്തിയതിന് സിനിമാ സീരിയല്‍ താരത്തിന് ഭാരവാഹികളുടെ ക്രൂര മര്‍ദനം

നെടുമങ്ങാട്: ഉത്സവപരിപാടിക്ക് താമസിച്ച് എത്തിയെന്നാരോപിച്ച് മിമിക്രി കലാകാരന്‍ കൂടിയായ സിനിമാ സീരിയല്‍ താരത്തെ ക്രൂരമായി മര്‍ദ്ദിച്ചു. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അസീസ് നെടുമങ്ങാടിനും സംഘതത്തേയുമാണ് ഉത്സവ ഭാരവാഹികള്‍ ക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയത്.

കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തിന്റെ അതിര്‍ത്തി പ്രദേശമായ വെള്ളറട ചാമവിള ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയതായാതായിരുന്നു അസ്സീസിന്റെ സംഘം. 9.30 തുടങ്ങേണ്ടിയിരുന്ന പരിപാടിക്ക് സംഘം എത്തിയപ്പോള്‍ 10.30 ആയി. ഗള്‍ഫില്‍ മറ്റൊരു പരിപാടി കഴിഞ്ഞു അസീസും സംഘവും നേരെ ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ എത്തികയായിരുന്നു. എന്നാല്‍ ഇവര്‍ എത്തി പ്രോഗ്രാം ആരംഭിക്കുവാന്‍ തയ്യാറെടുക്കുന്ന സമയം കമ്മറ്റി ഭാരവാഹികള്‍ മാരകായുധങ്ങളുമായി എത്തുകയും അസീസിനെയും സംഘത്തെയും തടഞ്ഞുവച്ചു മര്‍ദിക്കുകയുമായിരുന്നു.

മര്‍ദ്ദനത്തില്‍ അസീസിന് ബോധം നഷ്ട്ടപ്പെടുകയും വായിലൂടെ നുരയും പതയും വരുന്ന അവസ്ഥയില്‍ എത്തുകയും ചെയ്തു. എന്നാല്‍ മര്‍ദനത്തിന് ശേഷവും പരിപാടി മുഴുവന്‍ നടത്തിച്ച ശേഷമേ ഭാരവാഹികള്‍ ഇവരെ പോകുവാന്‍ അനുവദിച്ചുള്ളൂ. അവശനിലയിലാണ് സംഘം പരിപാടി അവതരിപ്പിക്കാന്‍ സ്റ്റേജില്‍ എത്തിയത്. പരിപാടി അവസാനിക്കുന്നത് വരെ ചിലര്‍ വടിവാളും കത്തിയുമായി സ്റ്റേജിനു പിന്നില്‍ നിന്നിരുന്നുവെന്നും, പരിക്കേറ്റ തന്നെ ആശുപത്രിയില്‍ പോകുവാന്‍ പോലും അവര്‍ സമ്മതിച്ചില്ല എന്നും അസീസ് മലയാളീവിഷനോട് പറഞ്ഞു.

ചെവിക്ക് ഗുരുതരമായി പരിക്കേറ്റ അസീസ് ഇപ്പോള്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്. പരിപാടി കഴിഞ്ഞു പ്രതിഫലം പോലും വാങ്ങാതെ തങ്ങള്‍ ജീവനും കൊണ്ട് അവിടെ നിന്നും രക്ഷപ്പെട്ടു ആശുപത്രിയില്‍ അഡ്മിറ്റ് ആയി എന്നാണ് അസീസ് പറയുന്നത്. വെള്ളറട പോലീസ് സ്റ്റേഷനില്‍ സംഘം പരാതി നല്‍കിയിട്ടുണ്ട്.