ഒത്തുതീര്‍പ്പ് വിജയം: ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജിഷ്ണുവിന്റെ കുടുംബം അഞ്ച് ദിവസമായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചതു. ജിഷ്ണു കേസിലെ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനുവിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയാണ് സമരം അവസാനിപ്പിക്കാന്‍ കാരണം.

ഉദയഭാനുവിന്റെയും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ജിഷ്ണുവിന്റെ അമ്മ മഹിജയുമായും മറ്റ് കുടുംബാംഗങ്ങളുമായും ചര്‍ച്ച നടത്തുകയായിരുന്നു. കേസില്‍ എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ കുടുംബം തയാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മഹിജക്കെതിരായ പൊലീസ് അതിക്രമത്തില്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മഹിജയെ അറിയിച്ചു.

കേസിലെ മൂന്നാം പ്രതിയും നെഹ്‌റു കോളേജിലെ വൈസ് പ്രിന്‍സിപ്പലുമായ എന്‍.കെ ശക്തിവേലിനെ ഇന്നാണ് അറസ്റ്റ് ചെയ്ത്. അഞ്ച് ദിവസങ്ങളായി സമരം നടത്തിവരുന്ന കുടുംബാംഗങ്ങളുടെ ആവശ്യം ലഘൂകരിക്കാന്‍ തും സഹായകരമായെന്നാണ് നിഗമനം.

സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ശക്താമായ ശ്രമങ്ങളാണ് ഇന്ന് രാവിലെ മുതല്‍ നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പ്രശ്നത്തില്‍ ഒത്തു തീര്‍പ്പിന് മധ്യസ്ഥത വഹിച്ചത്. ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്‍ശിക്കാനായി കാനം ആസ്പത്രിയിലും എത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടന്ന ചര്‍ച്ചക്കു ശേഷമായിരുന്ന കാനത്തിന്റെ സന്ദര്‍ശനം.

ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തില്‍ ഇടപെട്ടു. പിണറായി മഹിജയെ ഫോണില്‍ വിളിച്ചു കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി. ഇതു കൂടാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മഹിജയുമായി ഫോണില്‍ സംസാരിച്ചിരുന്നു.