നീതി ലഭിച്ചില്ല എങ്കില്‍ സര്‍ക്കാരിന്റെ ധനസഹായവും വേണ്ട എന്ന് ജിഷ്ണുവിന്റെ കുടുംബം
തിരുവനന്തപുരം : സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍. നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയ ധനസഹായം തിരിച്ചു നല്‍കും. അഞ്ച് പ്രതികളില്‍ ഒരാളെയെങ്കിലും പൊലീസ് പിടികൂടണം. മകനാണ് തനിക്ക് വലുത്. വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതില്‍ വേദനയുണ്ടെന്നും അശോകന്‍ പറഞ്ഞു. അതേസമയം ജിഷ്ണുകേസിലെ ഇടപെടലിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പത്രപരസ്യത്തില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങളെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു . ഡിജിപിയെ കാണാന്‍ വടകരയില്‍ നിന്ന് ആറംഗസംഘമാണ് എത്തിയതെന്ന വാദം തള്ളി വടകരയിൽ നിന്ന് പുറപ്പെട്ടത് 14 അംഗസംഘമാണെന്ന് യാത്രാരേഖകളിലുണ്ട്. ഒരാളൊഴികെ എല്ലാവരും ജിഷ്ണുവിന്‍റെ ബന്ധുക്കളാണ്. സംഭവ ദിവസം തന്നെ കുടുംബാംഗങ്ങളെ എല്ലാവരെയും കാണാൻ സന്നദ്ധനായിരുന്നുവെന്ന് ഡിജിപി പറഞ്ഞിരുന്നെന്ന് ജിഷ്ണുവിന്‍റെ അമ്മാവൻ പറയുന്നു. അതേസമയം ജിഷ്ണുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസത്തോളമായി അമ്മ മഹിജ, സഹോദരി അവിഷ്ണ എന്നിവര്‍ നിരാഹാര സമരത്തിലാണ്. എന്നിട്ട് പോലും സമരം തീര്‍ക്കുവാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ജിഷ്ണുവിന്റെ കുടുംബത്തിന് ആവുന്ന സഹായങ്ങളെല്ലാം നല്‍കുന്നുണ്ടെന്നും പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചത്. തുടര്‍ന്നാണ് പ്രതികളെ പിടികൂടുന്നില്ലെങ്കില്‍ ധനസഹായവും വേണ്ടെന്ന നിലപാടുമായി അച്ഛന്‍ രംഗത്തെത്തിയത്. താന്‍ കഴിഞ്ഞ 30-32 വര്‍ഷമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും പക്ഷെ അത്തരമൊരാള്‍ക്ക് സഹിക്കാവുന്നതല്ല ഇപ്പോഴത്തെ ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാടെന്നും ജിഷ്ണുവിന്റെ അച്ഛന്‍ ചൂണ്ടിക്കാട്ടി.