തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വീടിനു സമീപം ഒരു കുടുംബത്തിലെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വസതിയായ നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലും മറ്റൊന്ന് വെട്ടി നുറിക്കിയ നിലയിലുമാണ് കണ്ടെത്തിയത്. ഡോക്ടർ ജീൻ പത്മ ഭർത്താവ് രാജതങ്കം മകൾ കാരളിൻ ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. എം.ബി.ബി.എസിന് പഠിക്കുന്ന മകൾ കാരളിൻ കഴിഞ്ഞ ദിവസമാണ് ചൈനയിൽ നിന്ന് മടങ്ങിയെത്തിയത്. അര്‍ധരാത്രിയോടെ വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍വാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്സും തീ കെടുത്തിയശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലപാതകമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപത്തുനിന്ന് മഴുവും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഡോക്ടറുടെ മകൻ ജീൻ കേതനെ കാണാതായിട്ടുണ്ട്. മൂന്ന് ദിവസമായി ഇയാളുടെ പെരുമാറ്റത്തിൽ അസ്വഭാവികതയുള്ളതായി ബന്ധുക്കളും അയൽക്കാരും പറഞ്ഞു. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ട് ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നാണ് മകന്‍ അറിയിച്ചതെന്നും ഡോക്ടറുടെ സഹോദരന്‍ പറഞ്ഞു. മൂന്ന് ദിവസത്തിന് മുമ്പ് കൊലപാതകം നടത്തിയ ശേഷം ശനിയാഴ്ച വീടിന് തീവെക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ കൂടുതൽ അന്വേഷണങ്ങളിൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.