അയോദ്ധ്യയിലെ രാമക്ഷേത്രം ; എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് ബി.ജെ.പി എം.എൽ.എ
ഹൈദരാബാദ് : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ആരെങ്കിലും എതിര്‍ത്താല്‍ അവരുടെ തല വെട്ടുമെന്ന് ബി.ജെ.പി എം.എൽ.എ. ഹൈദരാബാദിലെ ഗോഷ്മഹൽ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയും ചീഫ് വിപ്പുമായ രാജാ സിങ്ങാണ് പ്രകോപനപരമായ പ്രസ്താവന നടത്തിയത്. ഹൈദരാബാദിൽ നടന്ന പൊതു റാലിക്കിടെ രാമക്ഷേത്രത്തിന് എതിരുനിൽക്കുന്നവരുടെ തലകൊയ്യുമെന്നും ഇവർക്കെതിരെ ലാത്തിയും ബുള്ളറ്റുകളും ഉപയോഗിക്കാൻ മടിയില്ലെന്നുമാണ് രാജാ സിങ് പറഞ്ഞത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുക തന്നെ ചെയ്യും. ക്ഷേത്ര നിർമാണം തടയാൻ ചങ്കൂറ്റമുള്ളവർക്കു ആകാം. എതിരുനിൽക്കുന്നവരുടെ തല കൊയ്യുക തന്നെ ചെയ്യുമെന്നും രാജാ സിങ് റാലിയിൽ പറഞ്ഞിരുന്നു. അയോധ്യയിൽ രാമക്ഷേത്രം പണിതാൽ ഭയാനകമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മജ്‌ലിസ് ഇത്തിഹാദ് ഉൽ മുസ്‌ലിമിൻ നേതാവിന്‍റെ പ്രസ്താവനക്കു മറുപടിയായിരുന്നു രാജാ സിങ്ങിന്‍റെ പ്രസ്താവന. അതേസമയം വിവാദ പ്രസ്താവന നടത്തിയതിനെത്തുടര്‍ന്ന് പോലീസ് എം.എൽ.എക്കെതിരെ കേസെടുത്തു. മജ്‌ലിസ് ബച്ചാവോ തഹ്‌രിക് എന്ന മുസ്‌ലിം സംഘടനയുടെ വക്താവ് അംജദുല്ല ഖാൻ നൽകിയ പരാതിയിലാണ് എം.എൽ.എക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐ.പി.സി 295 എ വകുപ്പുപ്രകാരം മതവികാരങ്ങൾക്ക് മുറിവേൽപ്പിച്ചതിനും ബോധപൂർവം മതസ്പർദ്ദ വളർത്തിയതിനുമാണ് കേസ്.