വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം ; ആലപ്പുഴ വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിംഗ് കോളേജ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
ആലപ്പുഴ : വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന്‍ ആലപ്പുഴ കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവര്‍ത്തകര്‍ കോളേജ് അടിച്ചു തകര്‍ത്തു. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ തള്ളിക്കയറുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യശ്രമത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം അക്രമാസക്തമായിരുന്നു.പ്രകടനമായെത്തിയ എസ്എഫ്ഐ പ്രവർത്തകർ കോളേജിലേക്ക് കല്ലെറിഞ്ഞു. കോളേജിനകത്തെ ഉപകരണങ്ങളും ചില്ലും കല്ലെറിഞ്ഞ് തകർത്തു. വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രിമിച്ച സംഭവത്തില്‍ ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രിന്‍സിപ്പല്‍ ഗണേശിനെ ഒന്നാം പ്രതിയാക്കിയും കോളേജ് ചെയര്‍മാന്‍ കൂടിയായ സുഭാഷ് വാസുവിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച രാത്രിയിലാണ് രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി എഞ്ചിനിയറിംഗ് കോളജിന്റെ ഹോസ്റ്റലില്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രക്തം വാര്‍ന്നുതുടങ്ങിയപ്പോള്‍ തൂങ്ങിമരിക്കാനും ശ്രമംനടത്തിയിരുന്നു. ഇത് സഹപാഠികള്‍ കണ്ടതിനാല്‍ ദുരന്തം ഒഴിവായി. ഭക്ഷണം കഴിക്കാന്‍ പുറത്തെ ഹോട്ടലില്‍ പോയതിന് വിദ്യാര്‍ഥികളോട് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ വിശദീകരണം ചോദിച്ചിരുന്നു. മാത്രമല്ല മാനേജ്‌മെന്റും അധ്യാപകരും നിരന്തരം പീഡിപ്പിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു . ഇതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് ആരോപണം.വിദ്യാര്‍ത്ഥിയായ ആര്‍ഷിന്റെ ആത്മഹത്യാശ്രമത്തെത്തുടര്‍ന്നാണ് എസ്എഫ്‌ഐ കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്. മാനേജ്മെന്റ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഹോസ്റ്റല്‍മുറിയിലാണ് വിദ്യാര്‍ഥി ആത്മഹത്യാശ്രമം നടത്തിയത്.