സിപിഐഎം റിക്രൂട്ടിംഗ് ഏജന്‍സി; ബിജെപിയെ വളര്‍ത്തുന്നത് സിപിഐഎം: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ആരും പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല

മലപ്പുറം: കോണ്‍ഗ്രസില്‍ നിന്ന്ബി.ജെ.പിയിലേക്ക് ആരും പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം തെറ്റായ പ്രചരണം നടത്തുകയാണ്. ബിജെപിക്ക് ആളെ കൂട്ടുന്ന ജോലി സിപിഐഎമ്മാണ് ഏറ്റെടുത്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

ബിജെപിയിലേക്ക് ആളെ ചേര്‍ത്ത് കൊടുക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയുടെ പണിയാണ് സിപിഐഎം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധ നയം പറയുന്ന സിപിഐഎം കോണ്‍ഗ്രസിനെ ഇത്തരം ആരോപണങ്ങളിലൂടെ തകര്‍ത്ത് ബിജെപിക്ക് ആളെ ചേര്‍ത്ത് കൊടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബിജെപിക്ക് വോട്ട് ലഭിക്കുന്നതിനായുള്ള പ്രചരണങ്ങളില്‍ മാധ്യമങ്ങള്‍ വീണു പോകരുതെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് പ്രവര്‍ത്തകര്‍ പോകുന്നുവെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സര്‍ക്കാറിനെതിരെ ശക്തമായി പ്രതികരിച്ച ചെന്നിത്തല റിമാന്‍ഡില്‍ കഴിയുന്ന കെ.എം.ഷാജഹാന്‍ ഭരണകൂട ഭീകരതയുടെ ഇരയാണെന്നും മുഖ്യമന്ത്രിയെ കാണാന്‍ ജിഷ്ണുവിന്റെ കുടംബത്തിന് കരാറൊപ്പിടേണ്ടി വന്നുവെന്നും ആരോപിച്ചു. മുഖ്യമന്ത്രിയെ കാണാന്‍ സമയം അനുവദിക്കണമെന്നതാണ് കരാറിലെ ഒരു വ്യവസ്ഥ.