കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകന്‍; പാകിസ്താന്‍ പ്രത്യാഘാതം നേരിടേണ്ടി വരും: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ച പാകിസ്താന്‍ നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. ഇതിന്റെ പ്രത്യാഘാതം പാകിസ്താന്‍ നേരിടേണ്ടിവരുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ പ്രഖ്യാപിച്ചു. കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകനാണ്. അദ്ദേഹത്തെ മോചിപ്പിക്കാന്‍ നിയമം വിട്ടും പ്രവര്‍ത്തിക്കുമെന്ന് സുഷമ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.

പാകിസ്താന്‍ നടപടിയില്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ ഒന്നടങ്കം പ്രതിഷേധമറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ ജീവന്‍ രക്ഷിക്കാനും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന് നീതി ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ആഭ്യന്ത്ര മന്ത്രി രാജ്നാഥ്സിങ് സഭക്ക് ഉറപ്പ് നല്‍കി.

കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ച നടപടിയെ ഇന്ത്യ അപലപിക്കുന്നു. നീതിയുടേയും നിയമത്തിന്റെയും അടിസ്ഥാനതത്വങ്ങള്‍ പോലും കാറ്റില്‍ പറത്തുന്നതാണ് നടപടി. കുല്‍ഭൂഷണ്‍ യാദവിന് നീതി ലഭിക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് സഭക്ക് ഉറപ്പ് നല്‍കുന്നതായി രാജ്നാഥ് വ്യക്തമാക്കി. ജാദവിനെ രക്ഷിക്കാനായി വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് നേരത്തേ കോണ്‍ഗ്രസ് ആവശ്യപ്പട്ടിരുന്നു.

ചാരപ്രവൃത്തി നടത്തിയെന്ന തെറ്റായ ആരോപണം ചുമത്തിയാണ് പാകിസ്താന്‍ ജാദവിന് വധശിക്ഷ വിധിച്ചത്. ഈയവസരത്തില്‍ സര്‍ക്കാര്‍ മൗനം ഭജിക്കുന്നതെന്തുകൊണ്ടാണ് എന്ന് കോണ്‍ഗ്രസിന്റെ ലോക്സഭാകക്ഷി നേതാവ് മല്ലാകര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. ജാദവ് തൂക്കിലേറ്റപ്പെടുകയാണെങ്കില്‍ അതൊരു കൊലപാതകമായിരിക്കും. അദ്ദേഹത്തെ മോചിപ്പിക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ദൗര്‍ബല്യമായേ വിലയിരുത്താനാകൂ എന്നും ഖാര്‍ഗെ പറഞ്ഞു.

സര്‍ക്കാരിന്റെ സ്വാധീനം പ്രയോഗിക്കേണ്ട ഘട്ടമാണിത്. ജാദവിനെ രക്ഷിക്കാനായി സര്‍ക്കാര്‍ ഇതുവരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നോ? യാദവിനെ രക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഹൈദരാബാദില്‍ നിന്നുള്ള എം.പിയായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഈ പ്രശ്നത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണം. നാമെല്ലാം ഇന്ത്യാക്കാരാണ്. ഐക്യരാഷ്ട്രസഭയിലും ഇക്കാര്യം ഉന്നയിക്കണം. ബി.ജെ.ഡി എം.പി ജേ പാണ്ഡെ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ചാരപ്രവൃത്തി ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ പിടികൂടിയത്. പട്ടാളക്കോടതി ഇദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ച കാര്യം ഇന്നലെ ഒരു പത്രക്കുറിപ്പിലൂടെയാണ് പാകിസ്താന്‍ പുറത്തുവിട്ടത്. തങ്ങള്‍ക്ക് ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു.