ജര്‍മനിയില്‍ ഫുട്‌ബോള്‍ ടീമിനുനേരെ ബോംബാക്രമണം

ബര്‍ലിന്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തിനായി പുറപ്പെട്ട ജര്‍മന്‍ ഫുട്ബാള്‍ ടീം ബൊറൂസിയ ഡോര്‍ട്മുണ്ട് താരങ്ങള്‍ സഞ്ചരിച്ച ബസിനുനേരെ ബോംബാക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഒരു കളിക്കാരന് പരിക്കേറ്റതായി വിവരമുണ്ട്. ടീം അംഗവും സ്പാനിഷ് രാജ്യാന്തര താരവുമായ മാര്‍ക് ബത്രക്ക് കൈക്ക് പരിക്കേറ്റത്.

ജര്‍മന്‍ നഗരമായ ഡോര്‍ട്മുണ്ടില്‍ നടക്കേണ്ട മത്സരത്തിനായി ഹോട്ടലില്‍നിന്ന് ഇറങ്ങിയ ടീമിനുനേരെയാണ് നഗരത്തിനു പുറത്ത്‌ േഹാച്ച്സ്റ്റണില്‍ ആക്രമണമുണ്ടായത്. തുടര്‍ച്ചയായ മൂന്നു സ്‌ഫോടനങ്ങളെ തുടര്‍ന്ന് വാഹനത്തിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. പരിക്കേറ്റ മാര്‍ക് ബത്രെയ ആശുപത്രിയിലേക്ക് മാറ്റി. മറ്റു താരങ്ങള്‍ സുരക്ഷിതരാണ്.

സ്റ്റേഡിയത്തിനകത്തോ പുറത്തോ അപായസൂചനകളില്ലെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. സ്‌ഫോടനത്തിനു പിന്നില്‍ ആരെന്ന് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് മോണേകായുമായി നടക്കേണ്ട മത്സരം മാറ്റിവെച്ചു.