അര്‍ത്ഥശാസ്ത്രീയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം ”സത്യനാദം” വിയന്നയില്‍ പ്രകാശനം ചെയ്തു
വിയന്ന: സിറിയക്ക് ചെറുകാട് സംഗീതം നല്‍കി ചെറുകാട് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച അര്‍ത്ഥ ശാസ്ത്രീയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം ”സത്യനാദം” പ്രകാശനം ചെയ്തു. വിയന്നയില്‍ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വാര്‍ഷികധ്യാനത്തോട് അനുബന്ധിച്ച് യൂറോപ്പിന്റെ അപ്പോസ്റ്റോലിക്ക് വിസിറ്റേറ്റര്‍ ചുമതല വഹിക്കുന്ന അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് വചനപ്രഘോഷകനും സംഗീതജ്ഞനുമായ ഫാ. ബിനോജ് മുളവരിക്കലിന് ആല്‍ബത്തിന്റെ ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
ക്രിസ്തീയ ഭക്തിഗാനങ്ങളുടെപ്രാധാന്യത്തെക്കുറിച്ചും, അത് ആരാധനയുടെ ഭാഗമായി ഉപയോഗപ്പെടുത്തുന്നതിന്റെ പ്രസക്തിയെക്കുറിച്ചും മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് സംസാരിച്ചു. 34 വര്‍ഷമായി സിറിയക്ക് ചെറുകാട് തുടരുന്ന ഗാനശുശ്രൂഷകളെ അഭിനന്ദിക്കുകയും, മലയാളി കത്തോലിക്കാ സമൂഹത്തിലും, വിയന്ന മലയാളി സമൂഹത്തിലും ഈ മേഖലയില്‍ അദ്ദേഹം നല്‍കി വരുന്ന നല്‍കുന്ന സംഭാവനകളെയും അനുസ്മരിച്ചു മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ചാപ്ലയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി പ്രസംഗിച്ചു.
ചെറുകാട് ക്രിയേഷന്‍സിന്റെ ആറാമത്തെ അര്‍ദ്ധശാസ്ത്രീയ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ സമാഹാരമാണ് പുതിയ ആല്‍ബം. യേശുഭഗവാന്‍, സംപൂജ്യന്‍, സ്വര്‍ഗ്ഗീയനാദം, അംബരറാണി, ദേവാത്മകം എന്നീ മികവുറ്റ ആല്‍ബങ്ങള്‍ക്ക് ശേഷം സിറിയക്ക് ചെറുകാട് സംഗീതം നല്‍കി അവതരിപ്പിക്കുന്ന മ്യൂസിക് ആല്‍ബമാണ് ‘സത്യനാദം’. യുവഗായിക ശ്രീജ ചെറുകാട് ആലപിച്ച ആല്‍ബത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ ദൃശ്യാവിഴ്കാരം ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശ്സത വാഗ്മീയും വചനപ്രഘോഷകനുമായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലാണ് രചന. മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, കെസ്റ്റര്‍, വില്‍സണ്‍ പിറവം, അഫ്സല്‍, സിറിയക് ചെറുകാട്, ശ്രീജാ ചെറുകാട് തുടങ്ങിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
യൂറോപ്പിലും വിവിധ രാജ്യങ്ങളിലും ഉള്ള മലയാളി സുഹൃത്തുക്കള്‍ക്ക് ആല്‍ബത്തിന്റെ കോപ്പികള്‍ ആവശ്യമെങ്കില്‍ അയച്ചു നല്‍കാനും അവസരം ഒരുക്കിയിട്ടുണ്ട്. കേരളത്തിലുള്ളവര്‍ക്ക് ഭരണങ്ങാനത്തുള്ള അസീസി റിന്യൂവല്‍ സെന്ററില്‍ നിന്നും വാങ്ങിക്കാം. ടെലിഫോണ്‍: 0091- 4822 236386, 0091- 90485 42370. വിദേശത്ത് ആല്‍ബം ആവശ്യമുള്ളവര്‍ 0043 6991 2922 390 എന്ന നമ്പറിലോ c.cherukad@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടുക.