നന്തന്‍കോട് കൂട്ടക്കൊല ; കാരണം സാത്താന്‍ സേവ ; മാതാപിതാക്കളെ കൊന്ന് ആത്മാവിനു പുതിയ രൂപം നല്‍കാന്‍ നടത്തിയ പരീക്ഷണം
തിരുവനന്തപുരം : തലസ്ഥാനം ഞെട്ടിയ നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ മാനസികാവസ്ഥ താറുമാറായ ഒരാളുടെ വികലമായ പരീക്ഷണ ബുദ്ധി. വീഡിയോ ഗെയിമുകള്‍ നിര്‍മ്മിക്കുന്നതില്‍ അഗ്രഗണ്യനായ കേഡല്‍ ഏറെ നാളായി ഇത്തരം പരീക്ഷണങ്ങള്‍ക്ക് പിറകെയായിരുന്നു. താനുണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗെയിംഗ് കാണിച്ചു താരമെന്ന പറഞ്ഞ് മുറിയില്‍ വിളിച്ചുവരുത്തി അമ്മയെയാണ് ആദ്യം ഇയാള്‍ മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയത്. ആ സമയം സഹോദരിയും അച്ഛനും പുറത്തു പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്കാണ് അച്ഛന്‍ രാജ തങ്കവും സഹോകരി കരോലിനും പുറത്തുനിന്നും എത്തുന്നത്. താഴത്തെ നിലയില്‍ രണ്ടുപേരും ആഹാരം കഴിച്ചു. ഇതിനിടെ വൃദ്ധസദനത്തിലുള്ള ബന്ധു ലളിതയെ രാജതങ്കം വിളിച്ചു. ആദ്യം കരോലിനാണ് മുകളിലെത്തി മുറിയിലേക്ക് പോയത്. പിന്നാലെ അച്ഛനും പോയി. രണ്ടുപേരെയും മുറിയിലേക്ക് വിളിപ്പിച്ചായിരുന്നു കൊലചെയ്തതെന്നാണ് കേഡലിന്റെ മൊഴി. മൃതദേഹങ്ങള്‍ മുറിയിലെ കുളിമുറിയില്‍ കൊണ്ടിട്ടു. ശനിയാഴ്ചയാണ് ബന്ധുവായ ലളിതയെ കൊലപ്പെടുത്തുന്നത്. ഇതിനുശേഷം മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇടക്ക് തീയണക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊള്ളലേറ്റത്. തീ ആളി പടര്‍ന്നപ്പോള്‍ രക്ഷപ്പെട്ടുവെന്നാണ് മൊഴി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കമ്പ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ഇയാള്‍ . യുദ്ധരംഗങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വീഡിയോ ഗെയിമുകള്‍ രൂപപ്പെടുത്തുന്നതിലായിരുന്നു താല്‍പര്യം. സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തില്‍ നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണ് കൊലപാതകത്തിലൂടെ കേഡല്‍ നടത്തിയതെന്നാണ് മൊഴി. പത്ത് വര്‍ഷമായി ഇതിനുള്ള ശ്രമങ്ങളിലായിരുന്നുവത്രേ ഇയാള്‍. മാസങ്ങള്‍ക്കമുമ്പ് ഒരു ആള്‍രൂപുമുണ്ടാക്കി മുറിക്കുള്ളില്‍ വച്ചിരുന്നു. ആ ആള്‍രൂപത്തിന് ജീവന്‍ നല്‍കുവാന്‍ വേണ്ടിയാകാം പ്രതി മാതാപിതാക്കളെ കൊലപ്പെടുത്തിയത് എന്ന് സംശയിക്കുന്നു. ജീവനില്ലാത്ത വസ്തുവിലേയ്ക്ക് ഇവരുടെ ആത്മാവിനെ മാറ്റുവാന്‍ വേണ്ടിയാണ് ക്രൂരമായ കൊലപാതകം ഇയാള്‍ നടത്തിയത്. വികലമായ മാനസികാവസ്ഥയ്ക്ക് അടിമയാണ് ഇയാള്‍ അതുകൊണ്ടുതന്നെ ചോദ്യം ചെയ്യുന്നതിന് മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടിയിരിക്കുകയാണ് കേരളാ പോലീസ്.