ഇരുചക്രവും കൊണ്ട് ഇനി റോഡില്‍ ഇറങ്ങിയാല്‍ കീശ കാലിയാകും ; പിന്നെ ജയില്‍വാസവും

രാജ്യത്ത് സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇരുചക്ര വാഹനങ്ങളെയാണ്. എന്നാല്‍ ഇനിമുതല്‍ ആരും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കണ്ട എന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എന്ന് തോന്നുന്നു. കാരണം വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ എന്ന പേരില്‍  അടിമുടി പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം ലോകസഭയില്‍ പാസായി. ബില്‍ മുഖ്യമായും ലക്ഷ്യമിടുന്നത് സാധാരണക്കാരായ ഇരുചക്രവാഹന യാത്രക്കാരെയാണ്. അപകടം കുറയ്ക്കുവാന്‍ എന്ന പേരില്‍ വാഹനങ്ങളുടെ പിഴ പത്തുമടങ്ങാണ് കേന്ദ്രം കൂട്ടിയിരിക്കുന്നത്. ബില്‍ നടപ്പായിക്കഴിഞ്ഞാല്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ ആയിരം രൂപ പിഴ നല്‍കണം, ഇതിനൊപ്പം മൂന്ന് മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും.  പുറമേ ഇ-ഗവേണന്‍സ്, വ്യാജ ലൈസന്‍സുകള്‍ കണ്ടെത്താനുള്ള പദ്ധതി, ട്രാഫിക് നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ബില്ലിലുടെ  സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഇനി പതിനായിരം രൂപ പിഴ നല്‍കണം. വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചാല്‍ 5000 രൂപയാണ് പിഴ.  എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ലെങ്കിലും ഇനിമുതല്‍ പിഴ ഒടുക്കേണ്ടി വരും പതിനായിരം രൂപ. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍  രക്ഷിതാവിനോ, വാഹനത്തിന്റെ ഉടമയ്‌ക്കോ 25000 രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. അമിത വേഗത്തിനും ലൈസന്‍സില്ലാതെ വാഹനം നിരത്തിലിറക്കിയാലും 5000 രൂപയാണ് പിഴ.  ഇങ്ങനെയൊക്കെ ചെയ്‌താല്‍ വരുന്ന  അഞ്ചു വര്‍ഷത്തിനുള്ളില്‍ റോഡപകടങ്ങളുടെ നിരക്ക് പകുതിയായി കുറയ്ക്കാന്‍ പുതിയ ഭേദഗതികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം.  എന്നാല്‍ ജനങ്ങളെ കൊള്ളയടിച്ചു ഖജനാവ് നിറയ്ക്കുവാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് എന്ന് വ്യക്തം.