പെട്രോള്‍ പമ്പുകള്‍ ഇനി വൈകുന്നേരം ആറുമണിവരെ മാത്രം ; ഞായറാഴ്ച്ചകളില്‍ അടച്ചിടാനും നീക്കം

ജനങ്ങളുടെ അവശ്യവസ്തുക്കളില്‍ ഒന്നായ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ നീക്കം. ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചതാണ് ഇക്കാര്യം. പമ്പ് നടത്തിപ്പ് ചെലവ് കുറയ്ക്കുന്നതിനായാണ് പുതിയ തീരുമാനം.  തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാണ് നിര്‍ദേശിക്കുന്ന പ്രവര്‍ത്തനസമയമെന്ന് കണ്‍സോര്‍ഷ്യം ജനറല്‍  സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു. മെയ് 15 മുതല്‍ ഇത് പ്രാവര്‍ത്തികമാക്കാനാണ് കണ്‍സോര്‍ഷ്യത്തിന്റെ ശ്രമം. ഡീലേഴ്സിെൻറ തീരുമാനങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല,  എന്നാൽ ഇത് എണ്ണ കമ്പനികൾക്കുള്ള സൂചനയാണെന്നും രവി ഷിൻഡെ പറഞ്ഞു. എന്നാല്‍ ഞായറാഴ്ച പമ്പുകൾ അടച്ചിടുന്നത്  കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ്  ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്അറിയിച്ചത്. എന്തായാലും അവശ്യവസ്തുവായ പെട്രോള്‍ പമ്പുകള്‍ക്ക് ഇത്തരത്തില്‍ നിയന്ത്രണം കൊണ്ട് വരുന്നത് ജനങ്ങള്‍ക്ക് വന്‍ ബുദ്ധിമുട്ട് ആകും സമ്മാനിക്കുക. വിഷയത്തില്‍ കേന്ദ്രം ഇതുവരെ ഇടപെടാത്തത് വരും ദിവസങ്ങളില്‍ പ്രശ്നം രൂക്ഷമാകുന്നതിന്  സാധ്യതയുണ്ട്.