‘ആസ്ട്രല്‍ പ്രൊജക്ഷന്’ മൊഴി പുകമറ: കൊലയ്ക്കു കാരണം അവഗണനയെന്ന് കേദല്‍
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. ‘ആസ്ട്രല്‍ പ്രൊജക്ഷന്’ മൊഴി പ്രതി സൃഷ്ടിച്ച പുകമറയെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍നിന്നു നേരിട്ട അവഗണനയായിരുന്നു കാരണം. അവഗണനയില്‍ മനംമടുത്താണ് കൊലപാതകം നടത്തിയത്. അച്ഛനെ കൊന്നതിനുശേഷമാണ് ബാക്കിയുള്ളവരെ കൊന്നത്.
കേദലിന്റെ ‘ആസ്ട്രല്‍ പ്രൊജക്ഷന്’ മൊഴി പൊലീസ് നേരത്തെ തന്നെ തള്ളിയിരുന്നു. പരസ്പര വിരുദ്ധമായാണു പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയത്. മനഃശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കുറ്റബോധം തെല്ലുമില്ലാതെയാണു കൂട്ടക്കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം പ്രതി അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്.
മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ പ്രതി കേദല്‍ ജീന്‍സണ്‍ രാജ മൊഴി നല്‍കിയാതായി പൊലീസ് പറഞ്ഞു. തെളിവു നശിപ്പിക്കുന്നതിനും കൃത്യം നടത്താനും ഇയാള്‍ വ്യക്തമായ പദ്ധതി തയാറാക്കിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
കേദലിന്റെ മൊഴി അന്വേഷണ സംഘത്തെ ഏറെ കുഴച്ചിരുന്നു. മനസ്സിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തി മറ്റൊരു ലോകത്തെത്തിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന് എന്ന പരീക്ഷണമാണു താന്‍ നടത്തിയതതെന്ന് ഒരിക്കല്‍ പറഞ്ഞു. എന്തിനാണു താന്‍ ഈ കൊലപാതകങ്ങള്‍ നടത്തിയതെന്നു പൊലീസിനോടു ചോദിച്ച് ഉത്തരം കണ്ടെത്താനാണു ചെന്നൈയില്‍നിന്നു തിരികെ വന്നതെന്നു മറ്റൊരിക്കല്‍ പറഞ്ഞു. ഒരേ ദിവസമാണു കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് കാഡല്‍ പറയുന്നത്. പക്ഷേ, വീട്ടുജോലിക്കാരിയുടെയും അയല്‍വാസികളുടെയും മൊഴി ഇതിനു വിരുദ്ധമാണ്. ബുധനാഴ്ചയാണു മൂന്നുപേരെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹങ്ങള്‍ സ്വന്തം മുറിയിലെ കുളിമുറിയിലിട്ടു കത്തിച്ചെന്നു പ്രതി സമ്മതിച്ചു.
അതേസമയം, കേദലിന്റെ മനസ്സ് കൊടും ക്രിമിനലന്റേതാണെന്ന് മനശാസ്ത്രജ്ഞന് പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ റിട്ട. പ്രഫ. രാജ തങ്കം(60), ഭാര്യ ഡോ. ജീന്‍ പത്മ(58), മകള്‍ കരോലിന് (26), ജീനിന്റെ ബന്ധു ലളിത(70) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമാണു കാണപ്പെട്ടത്. തിങ്കളാഴ്ചയാണ് പ്രതി കേദലിനെ അറസ്റ്റു ചെയ്തത്.