മകനെ പൊലീസ് വേട്ടയാടുന്നതായി ഹിമവല്‍ ഭദ്രാനന്ദയുടെ അമ്മ
കൊച്ചി: തോക്കുസ്വാമായി എന്ന പേരില്‍ അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ പൊലീസ്പീഡിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ അമ്മ ഡോ. മധുജകുമാരി. ‘ഇത്രയും അവഹേളനവും അവഗണനയും അനുഭവിക്കാന്‍ മാത്രം എന്റെ മകന്‍ ചെയ്ത തെറ്റെന്താണ്?’ എന്തിനാണവനെ പല കാരണങ്ങളുണ്ടാക്കി കൂടെക്കൂടെ ജയിലിലടയ്ക്കുന്നത്?’, മധുജകുമാരി പ്രതികരിക്കുന്നു.
അതേമയം തനിക്കും മകനും നേരെയുണ്ടാകുന്ന ദ്രോഹങ്ങളെ കുറിച്ച് ഡിജിപിയോട് സങ്കടം പറയാനാണ് മുന്‍കൂര്‍ അനുമതി വാങ്ങി ഹിമവല്‍ ഭദ്രാനന്ദ പൊലീസ് ആസ്ഥാനത്ത് പോയതെന്നാണ് ഡോ. മധുജകുമാരി പറയുന്നത്.
‘എന്റെ മകന്‍ പൊലീസ് ആസ്ഥാനത്ത് ചെന്ന സമയത്ത് അവിടെ എന്തൊക്കെയോ ബഹളം നടക്കുന്നുണ്ടായിരുന്നു. അതിലൊന്നും ഇടപെടാതെ മാറിനിന്ന ഭദ്രാനന്ദയെ എസ്.ഐ. വിളിച്ചുകൊണ്ടുപോവുകയായിരുന്നു. അറസ്റ്റാണെന്ന് മനസ്സിലായത് പിന്നീടാണ്. അതെന്തിനാണെന്നുമാത്രം അറിയില്ല; അന്നും ഇന്നും. ഒരു പെറ്റി കേസ് പോലും ഇല്ലാതിരുന്ന എന്റെ മകനെ വേട്ടയാടുകയായിരുന്നു പോലീസ്. ഒമ്പതുവര്‍ഷംമുമ്പ് വീടാക്രമിച്ചു. എന്നെയും മകനെയും ചേര്‍ത്തു അനാവശ്യം പറഞ്ഞു. ഒരുമകനും അതു സഹിക്കില്ല. എന്റെ മകനും പ്രതികരിച്ചു. തോക്കുചൂണ്ടി ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്ന് പറഞ്ഞു മകനെ ആലുവ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെവച്ചും മകനെ പ്രകോപിതനാക്കി. അതിനിടെ പൊലീസ് പിടിച്ചുവലിക്കുന്നതിനിടയിലാണ് മകന്റെ കൈയിലിരുന്ന തോക്കുപൊട്ടുന്നത്. അതോടെ ‘തോക്കുസ്വാമി’യായി.
തോക്കു കേസില്‍ കുറ്റവിമുക്തനാക്കുന്ന വിധിവരുന്ന ദിവസംതന്നെ പൊലീസ് അദ്ദേഹത്തെ വീണ്ടും അറസ്റ്റുചെയ്തുകൊണ്ടുപോയി. മതവിദ്വേഷം വളരത്തുന്നരീതിയില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു എന്നായിരുന്നു ഇത്തവണത്തെ കുറ്റം. 59 ദിവസമാണ് അതിന്റെ പേരില്‍ ജയിലില്‍ കിടന്നത്. മോചിതനായി പുറത്തുവന്നതേയുള്ളൂ. അപ്പോഴാണ് ഇപ്പോഴത്തെ അറസ്റ്റ്’മധുജകുമാരി പറഞ്ഞു. മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹിമവല്‍ ഭദ്രാനന്ദയ്ക്ക് ചൊവ്വാഴ്ചയാണ് ജാമ്യം കിട്ടിയത്. മകന്റെ മോചനത്തിനായി ഇതുവരെ ഓടിനടക്കുകയായിരുന്നു അമ്മ.