1971: തീയേറ്ററില്‍ കയറുന്നതിനു മുന്നേ സിനിമയെ ശരിക്കും ഉള്‍ക്കൊള്ളാന്‍ ചെറിയ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നു

മേജര്‍ രവിയുടെ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന മികച്ചൊരു പട്ടാള സിനിമയെ പറ്റി മോശമായ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാനുള്ള ചിലരുടെ നീക്കം ചെറുക്കാന്‍ വേണ്ടിയാണ് ആദ്യ ഷോ തന്നെ കണ്ടത്. തീയേറ്ററില്‍ കയറുന്നതിനു മുന്നേ സിനിമയെ ശരിക്കും ഉള്‍ക്കൊള്ളാന്‍ ചെറിയ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നു. തലേ ദിവസം രവിയേട്ടന്റെ തന്നെ കാണ്ഡഹാര്‍, കുരുക്ഷേത്ര എന്നീ ചിത്രങ്ങള്‍ ഒന്നുകൂടെ കണ്ടു മനസ്സിനെ ശക്തിപ്പെടുത്തി. ഇടക്ക് വിനയെട്ടന്റെ വാര്‍ ആന്‍ഡ് ലവ് ഒന്നുകൂടെ കാണാന്‍ ശ്രമിച്ചു, പക്ഷെ ശ്രമം വിജയിച്ചില്ല. തീയേറ്ററില്‍ കടക്കുന്നതിനു മുന്നേ തലേ ദിവസം ഗ്രേറ്റ് ഫാദര്‍ കണ്ടപ്പോള്‍ ഇട്ടിരുന്ന ചെരിപ്പ് ഊരിയിട്ടു. പിന്നെ സണ്ണി ഡിയോളിനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് അകത്തു കടന്നു.

ഒരു പട്ടാള സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ക്ര്യത്യമായ അളവില്‍ ചേര്‍ത്ത് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ സദ്യ പോലെ കേമമാക്കിയിരിക്കുന്നു മേജര്‍ സാബ്. ആദ്യ ഫ്രെയിം മുതല്‍ ലാലേട്ടന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്‌ക്രീനില്‍ നിറയുകയാണ്. അദ്ദേഹം സ്‌ക്രീനില്‍ ഇല്ലാത്ത സമയത്ത് മാത്രമാണു മറ്റുള്ളവരുടെ പ്രകടനം നമുക്ക് കാണാന്‍ പറ്റുന്നത് തന്നെ. കേണല്‍ മഹാദേവന്‍, ബ്രിഗേഡിയര്‍ സഹദേവന്‍, ജനറല്‍ ജാക്കിദേവന്‍ (ഒരു പാട്ടില്‍ കുറച്ചു സമയം മാത്രം) എന്നിങ്ങനെ മൂന്നു റോളുകളില്‍ ലാലേട്ടന്‍ തകര്‍ക്കുകയാണ്. ജനതാ ഗാരെജിലും പുലി മുരുകനിലും ഒപ്പത്തിലും എല്ലാം നമുക്ക് നഷ്ടമായ ആ പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയിരിക്കുന്നു. തോക്ക് ഉപയോഗിക്കാതെ പച്ച മലയാളം പറഞ്ഞു പാക്കിസ്ഥാനികളെ കൊല്ലുന്ന രംഗങ്ങള്‍ കിടുക്കിയിട്ടുണ്ട്. ഈ ചിത്രം കാണാനിടയായാല്‍ തീര്‍ച്ചയായും പാക്കിസ്ഥാനികള്‍ ഇനി ഇന്ത്യയെ ആക്രമിക്കാന്‍ ഒന്ന് മടിച്ചേക്കും. ചിത്രത്തിന്റെ തുടക്കത്തിലേ കാട്ടുന്ന ജോര്‍ജിയ ഓപ്പറേഷനില്‍ മേജര്‍ മഹാദേവന്‍ പാക്കിസ്ഥാനികളെ രക്ഷപ്പെടുത്തുന്നത് ശ്വാസമടക്കി പിടിച്ചിരുന്നാണ് കണ്ടത്, ആ സീന്‍ 5 മിനുട്ട് കൂടെ നീണ്ടെങ്കില്‍ തീയേറ്ററില്‍ പലരും ശ്വാസം മുട്ടി മരിച്ചു പോയേനെ. എജ്ജാതി സീന്‍..ചിത്രത്തിന്റെ ഏറ്റവും പ്രധാന ഭാഗമായ ടാങ്ക് യുദ്ധം കിടുക്കിയിട്ടുണ്ട്. ലാലേട്ടന്‍ പാഞ്ഞു വരുന്ന കണ്ട് മറ്റൊരു ടാങ്കാണെന്നു കരുതി ഓടി രക്ഷപ്പെടുന്ന പാക്കിസ്ഥാന്‍ പട്ടാളക്കാരെ കാണികള്‍ കണക്കിന് പരിഹസിച്ചു.

സിനിമ കാണാന്‍ ഞാന്‍ നിര്‍ബന്ധിച്ചു ടിക്കറ്റ് എടുത്തു കൊടുത്ത് കൊണ്ട് പോയ കൂട്ടുകാരനായ പാക്കിസ്ഥാനി നവാസ് ഷരീഫ് പടക്കം അല്ല പടം കഴിഞ്ഞ ഉടനെ എഴുന്നേറ്റു നിന്ന് കയ്യടിക്കുകയും നിറഞ്ഞ കണ്ണുകളോടെ എന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു കൊണ്ട് ഇടറുന്ന ശബ്ദത്തില്‍ ഇങ്ങനെ പറഞ്ഞു. ഇങ്ങനെയൊരു കേണല്‍ ജീവിച്ചിരിക്കുന്ന ഇന്ത്യയെ ആക്രമിക്കാന്‍ ഇനിയൊരു പാക്കിസ്ഥാനിയും ശ്രമിക്കില്ല സഹോദരാ..നായകനെ അവതരിപ്പിച്ച നടന്റെ പേരും സംവിധായകന്റെ പേരും ചോദിച്ചു മനസ്സിലാക്കിയ അദ്ദേഹം ലാലേട്ടന്‍ എന്ന നടന്‍ ലോകസിനിമയിലെ ഏറ്റവും മികച്ച 5 നടന്മാരില്‍ ഒരാള്‍ ആണെന്ന് ഉറച്ച സ്വരത്തില്‍ പറഞ്ഞപ്പോള്‍ രോമാഞ്ചം കൊണ്ടെന്റെ കൈത്തണ്ടയിലെ സാധാരണ അനങ്ങാത്ത ചില രോമങ്ങള്‍ വരെ എഴുന്നേറ്റു നിന്നു പോയി. തന്റെ പാക്കിസ്ഥാനി കൂട്ടുകാരുമായി ഒരിക്കല്‍ കൂടെ ഈ പടം കാണാന്‍ വരുമെന്ന് ഉറപ്പ് നല്‍കിയിട്ടാണ് അദ്ദേഹം പിരിഞ്ഞത്. ഓര്‍മ്മകള്‍ അയവിറക്കുന്നതിനിടെ 71 ലെ യുദ്ധത്തില്‍ അദ്ദേഹത്തിന്റെ വാപ്പ പര്‍വേസ് ഷരീഫും പങ്കെടുത്തിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. അന്നദ്ദേഹത്തിന്റെ പിതാവിനെ കൊന്ന ശേഷം ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 100 രൂപയും അടിച്ചോണ്ട് പോയൊരു പഴയ മലയാളി കേണലിന്റെ കഥയും നവാസ് പറഞ്ഞു തന്നു. തീയേറ്ററിന് പുറത്ത് വച്ച് അദ്ദേഹം എന്നെ ചെറുതായി ആദരിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ ഒഴിഞ്ഞു മാറി.
ഏകദേശം 2 കൊല്ലം ഗ്യാപ് ഇട്ടിട്ടാണ് മേജര്‍ രവി സാറിന്റെ പട്ടാള ചിത്രങ്ങള്‍ പുറത്ത് വരുന്നത്. ആയൊരു കാലയളവ് ദേശ സ്‌നേഹികളായ സിനിമാ പ്രേമികള്‍ക്ക് സഹിക്കാവുന്നതല്ല. ഇന്ത്യ-പാക് യുദ്ധകഥകളുടെ സ്റ്റോക്ക് തീര്‍ന്നെങ്കില്‍ ചൈനയെ പിടിക്കാവുന്നതാണ്. സ്ഥിരം പട്ടാള കഥകളിലെ ക്ലിഷേ രംഗങ്ങള്‍ എന്നൊക്കെവിമര്‍ശിക്കുന്നവരോട് എന്ത് പറയാന്‍. പട്ടാള കഥകളില്‍ ഉണ്ടയും വെടിയും ടാങ്കും ഗ്രനേഡുമല്ലാതെ പിന്നെ മരം ചുറ്റി പാട്ടും പുലിയെ പിടുത്തവും കാണിക്കണോ? ടാങ്കിനു പകരം ടിപ്പര്‍ കാട്ടിയാല്‍ യുദ്ധമാകുമോ പഹയന്മാരെ? പട്ടാള കഥകള്‍ മേജര്‍ രവിയേട്ടനല്ലാതെ പിന്നെ അടൂര്‍ ഗോപാലകൃഷ്‌ണേട്ടന്‍ എടുക്കണോ? ‘മുണ്ടും കുറിയും തൊട്ട് ഈയടുത്ത കാലത്ത് അമ്പലത്തില്‍ കേറാന്‍ അനുമതി കിട്ടിയ നീയൊന്നും ഇവിടുത്തെ കാര്യം നോക്കണ്ട’ എന്ന കേണല്‍ സഹദേവന്റെ പഞ്ച് ഡയലോഗ് സിനിമയുടെ ഒരു പൈവട്ടല്‍ പോയന്റാണ്… അന്യമതസ്ഥന്‍ അമ്പലത്തിനകത്ത് പ്രവേശിക്കുന്നത് തടയാന്‍ നോക്കുന്ന സഹദേവന്‍ നായരേക്കാള്‍ അല്പം താഴ്ന്ന ജാതിയില്‍പെട്ട ഒരാളുടെ വായടപ്പിക്കുന്ന കിടിലന്‍ മറുപടി തികച്ചും ഉചിതമായി. വന്‍തുക കൊടുത്തു ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം അമ്ര്യുത ടി.വി സ്വന്തമാക്കിയത് വെറുതെയല്ല..തീയേറ്ററില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ ഉണ്ണി മുകുന്ദന്റെ മുഖം മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു…