മന്ത്രിയെ കുടുക്കാന്‍ ഫോണ്‍ കെണി ; മംഗളം സി.ഇ.ഒക്ക് ജാമ്യമില്ല

തിരുവനന്തപുരം :   മുന്‍ ഗതാഗത വകുപ്പ്  മന്ത്രി എ.കെ. ശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. കേസിലെ  ഒന്നും രണ്ടും പ്രതികളായ മംഗളം ചാനല്‍ സി.ഇ.ഒ അജിത് കുമാറിനും ഇൻവെസ്റ്റിഗേഷന്‍ ടീം ലീഡര്‍ കെ.ജയചന്ദ്രനുമാണ്  ഹൈകോടതി ജാമ്യം നിഷേധിച്ചത്. അതേസമയം ഇവരോടൊപ്പം അറസ്റ്റിലായ മൂന്നു മുതൽ അഞ്ചുവരെ പ്രതികളായ ഫിറോസ് സാലി മുഹമ്മദ്, എം.ബി സന്തോഷ്, എസ് വി പ്രദീപ് എന്നിവർക്കു ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൂടാതെ  കേസിൽ ഇതുവരെ  അറസ്റ്റിലാകാത്ത അഞ്ചു മുതൽ എട്ടുവരെയുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യവും അനുവദിച്ചു. കേസിലെ സുപ്രധാന തെളിവായ സംഭാഷണങ്ങടങ്ങിയ ടേപ്പ് കണ്ടെത്താനായിട്ടില്ലെന്നും അതിനാൽ ഒന്നും രണ്ടും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.  ഈ  പ്രതികളുടെ നിർദേശ പ്രകാരമാണ് സംഭാഷണം എഡിറ്റ് ചെയ്തതെന്ന മറ്റു പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനും ജയചന്ദ്രനും ജാമ്യം നിഷേധിച്ചത്. മന്ത്രിയെ കുടുക്കുവാന്‍ വേണ്ടി ചാനല്‍ കളിച്ച കളിയില്‍ ഇപ്പോള്‍ ചാനല്‍ അധികാരികള്‍ തന്നെ അഴികള്‍ക്കുള്ളിലാണ്.