മകൻ പട്ടാളക്കാരനായപ്പോള്‍ വിട്ടുകൊടുക്കാൻ മനസ്സില്ലാതെ അച്ഛൻ പോലീസായി (വീഡിയോ)
എറണാകുളം : മകൻ പട്ടാളവേഷമിട്ടതിന് പിന്നാലെ എസ്. പി ആയി അച്ഛന്‍. മറ്റാരുമല്ല പൂഞ്ഞാർ എം. എൽ. എ പി. സി. ജോർജ്ജാണ് തന്‍റെ രാഷ്ട്രീയക്കാരന്റെ കുപ്പായം ഊരിവെച്ച് പോലീസ് വേഷം ധരിച്ചത്. കനൽ കാറ്റ് എന്ന ചിത്രത്തിന് വേണ്ടിയാണ് പി സി ജോർജ്ജ് എസ്.പി. വേഷമണിഞ്ഞത്. ആരെയും നിരാശപെടുത്താത്ത പി സി ജോർജ്ജ് സംവിധായകരായ മിത്രനും, നൗഫലും പടത്തിൽ അഭിനയിക്കുന്ന കാര്യം പറഞ്ഞ് സമീപിച്ച് കഥ പറഞ്ഞപ്പോൾ തന്നെ സമ്മതമറിയിച്ചിരുന്നു. എറണാകുളത്ത് നാല് മണിക്ക് നടന്ന കേരള ജനപക്ഷത്തിന്റെ പരിപാടികൾ കഴിഞ്ഞു നേരെ സെറ്റിലേക്ക് വന്ന പി. സി മിക്ക ഷോട്ടുകളും ഒറ്റ ടേക്കിൽ തന്നെ തീർത്തിട്ടാണ് പോയത്. പോലീസ് വേഷത്തിലുള്ള പി. സി. സെറ്റിലുള്ളവരെ അമ്പരപെടുത്തി. മോഹൻലാൽ മേജർ രവി കൂട്ടുകെട്ടിൽ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ 1971 ബിയോണ്ട് ബോർഡർ എന്ന ചിത്രത്തിലാണ് പി.സി യുടെ മകൻ അഡ്വക്കേറ്റും, രാഷ്ട്രീയ പ്രവർത്തകനുമായ ഷോൺ ജോർജ്ജ് പട്ടാള വേഷത്തിലെത്തിയത്. ലാലേട്ടനും രവിച്ചേട്ടനുമായുള്ള സൗഹൃദത്തിൽ ഷൂട്ടിങ് ലൊക്കേഷനിലേക്ക് ക്ഷണം ലഭിച്ചപ്പോൾ ഏതൊരു ഇന്ത്യൻ പൗരനും തോനുന്നത് പോലെ പട്ടാള വേഷമിടാനുള്ള ആഗ്രഹം കൊണ്ട് താൻ ആ സിനിമയിൽ ഭാഗമായത് എന്നും. ഒന്നോ രണ്ടോ സീനിൽ അഭിനയിച്ചു എന്നല്ലാതെ താനൊരാഭിനേതാവല്ലെന്നും ലാലേട്ടന്റെയും രവിച്ചേട്ടനുമൊപ്പം സിനിമയിലാണെങ്കിൽ കൂടി പട്ടാളക്കാർക്കൊപ്പം നിൽക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നെന്ന് ഷോൺ മലയാളി വിഷനോട് പറഞ്ഞു. പി സി ജോര്‍ജ്ജ് ഇതിനുമുന്‍പും സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്.