ദിലീപിന്‍റെ അഭിമുഖത്തിന്‍റെ പേരില്‍ മനോരമയും മാതൃഭൂമിയും നേര്‍ക്കുനേര്‍
കോഴിക്കോട്: മനോരമ ഓണ്‍ലൈനിനു ചലച്ചിത്ര താരം ദിലീപ് നല്‍കിയ വിവാദ അഭിമുഖത്തിനെ തുടര്‍ന്ന്‍ മലയാളത്തിലെ മുന്‍നിര പത്രങ്ങളായ മാതൃഭൂമിയും മനോരമയും നേര്‍ക്ക്നേര്‍ വരുന്നു. മാതൃഭൂമി ചാനലിന്റെ മുഖമായ അവതാരകന്‍ വേണുബാലകൃഷ്ണനെതിരെ ദിലീപ് നടത്തിയ കടുത്ത വിമര്‍ശനമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ വ്യക്തിപരമായി അവഹേളിക്കാന്‍ മനോരമ അവസരമൊരുക്കുകയായിരുന്നെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. വേണുബാലകൃഷ്ണന്റെ ജോലി വെറും ഊത്ത് മാത്രമാണെന്നൊക്കെയാണ് ദിലീപ് അഭിമുഖത്തില്‍ പറഞ്ഞത്. മനോരമ ഒരു എഡിറ്റും ഇല്ലാതെ അഭിമുഖം അതുപോലെ പുറത്തു വിടുകയും ചെയ്തു. മാത്രമല്ല വേണുവിനൊപ്പം ജോലിചെയ്യുന്ന വനിതാ ജീവനക്കാരെയും ആക്ഷേപിക്കുന്ന രീതിയിലാണ് ദിലീപിന്റെ അഭിമുഖം അതുപോലെ ഒരു മാധ്യമസ്ഥാപനവും മറ്റൊരു മാധ്യമസ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ ഈ രീതിയില്‍ വാര്‍ത്തകള്‍ കൊടുക്കാറില്ല.
വേണുവിനായിരുന്നു ഇത് ഏറ്റവും കൂടുതല്‍ എന്റെ തലയിലേക്ക് അടിച്ചുവെച്ച് തരണമെന്ന് ആഗ്രഹം.വേണു എന്ന് കേള്‍ക്കുമ്പോള്‍ വേണുനാദം, ഓടക്കുഴല്‍…. ഇംഗ്ളീഷില്‍ ഫ്ളൂട്ട് എന്ന് പറയും. ഓടക്കുഴല്‍ നമുക്ക് ഊതാനുള്ളതാണ്. ഊത്ത്, അദ്ദേഹം ആ തൊഴില്‍ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ മേലനങ്ങി ഒരു പണിക്കും അദ്ദേഹത്തിന് പോവാന്‍ പറ്റില്ല. നമ്മളൊക്കെ പൊരിവെയിലത്ത് നല്ല അന്തസ്സായി പണിയെടുത്താണ് ജീവിക്കുന്നത്. നമ്മളെപോലുള്ള ആള്‍ക്കാര്‍ ഇല്ലെങ്കില്‍ ഇവര്‍ക്കൊന്നും പറ്റില്ല. രാഷ്ട്രീയ രംഗത്തുള്ളവരെയൊക്കെ ഇവര്‍ കരിവാരിത്തേക്കുന്നത് കാണണം. പുള്ളി ഇവിടുത്തെ ജഡ്ജിയായി ഇരുന്നിട്ട്, പുള്ളിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുള്ളി എല്ലാവരെയും ഊത്തോട് ഊത്താണ്.
ഒരു കുടുംബം മാത്രം നോക്കിയാല്‍ പോര ഇവര്‍ക്ക്. പല കുടുംബങ്ങളെ നോക്കണം. സന്തോഷത്തോടെ സ്മൃതിലയമായിട്ടൊക്കെ അങ്ങട്ട് പോവണമെങ്കില്‍ മറ്റ് ഒരുപാട് കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യേണ്ടതുണ്ട്. വേണുവിനെ കുറിച്ച് ഒരുപാട് കാര്യം ഇവിടുത്തെ എല്ലാവര്‍ക്കും അറിയാം. നമ്മടേത് ഓപ്പണ്‍ ബുക്കാണ്. നമ്മളൊക്കെ പത്ത് 250 ആളുകളുടെ മുന്നിലാണ് എപ്പോളും ഉള്ളത്. ഇത് ഒരു ചാനലിന് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ്. ഇദ്ദേഹത്തെ കുറിച്ച് ഒരു സിനിമയെടുക്കാനുള്ള സാധനങ്ങള്‍ എന്റെ കൈയിലുണ്ട്.’-ഇതൊക്കെയായിരുന്നു ദിലീപിന്റെ വിമര്‍ശനങ്ങള്‍.
ഇതേതുടര്‍ന്ന് മാതൃഭൂമി എം.ഡി എംപി വീരേന്ദ്രകുമാറിന്റെ മകനും മുന്‍ എംഎല്‍എയും ചാനലിന്റെ ചുമതലയുള്ള വ്യക്തിയുമായ എം.വി ശ്രോയാംസ്‌കുമാര്‍, മനോരമ എഡിറ്റുമായി നേരിട്ട് സംസാരിച്ച് തങ്ങളുടെ അമര്‍ഷം രേഖപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. കാര്യങ്ങള്‍ ഇത്രയും മോശമായ ഭാഷയില്‍ അവതരിപ്പിച്ച ദിലീപിനേക്കാള്‍ മാതൃഭൂമിക്ക് ദേഷ്യം അത് ഒരുവാക്കുപോലും എഡിററ് ചെയ്യുകയോ ബീപ്പ് സൗണ്ട് ഇടുകയോ ചെയ്യാതെ സംപ്രേഷണം ചെയ്ത മനോരമയോടാണ്. പക്ഷേ ഇക്കാര്യത്തില്‍ തങ്ങള്‍ നിസ്സഹായരായിരുന്നുവെന്നാണ് മനോരമ ഓണ്‍ലൈനിലെ ജീവനക്കാര്‍ പറയുന്നത്. അഭിമുഖം അനുവദിച്ചപ്പോള്‍ തന്നെ, തനിക്ക് ചിലകാര്യങ്ങള്‍ ശക്തമായി പറയാനുണ്ടെന്ന് അത് എഡിറ്റ് ചെയ്യാതെ സംപ്രേഷണം ചെയ്യണമെന്നുമുള്ള നിര്‍ബന്ധം ദിലീപിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം മാതൃഭൂമിയെക്കെതിരെ ദിലീപ് ഒന്നും പറഞ്ഞിട്ടില്ലെന്നും അവതാരകന്‍ വേണുവിന്റെ നിലപാടിനെയാണ് ആക്രമിച്ചതെന്നുമാണ് മനോരമയുടെ വാദം. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെയുള്ള വേണുവിന്റെ പരാമര്‍ശങ്ങള്‍ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടായിരുന്നെന്ന് മാതൃഭൂമിയിലെ ചില സഹപ്രവര്‍ത്തകര്‍ക്കുതന്നെ അഭിപ്രായമുണ്ട്.