ജിഷ്ണുവിന്‍റെ മരണം ; സിപിഎം-സിപിഐ തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു

തിരുവനന്തപുരം : മലപ്പുറം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കിയ താല്‍കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് സി പി എം – സി പി ഐ തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. ജിഷ്ണുകേസില്‍ പൊലീസിനെ വിമര്‍ശിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി രംഗത്തെത്തിയതും സമരം തീര്‍ക്കാന്‍ മുന്‍കയ്യെടുത്തതും സി പി എമ്മിനെയും ഒട്ടന്നുമല്ല ചൊടിപ്പിച്ചത്. കാനത്തിന്റെ ഇടപെടലിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടും കൂടാതെ കാനത്തിനെ വിമര്‍ശിച്ച് ഇ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റും എല്ലാം മുന്നണിയുടെ പോക്ക് എങ്ങോട്ട് എന്ന് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിനിടെ പ്രതിപക്ഷത്തല്ലെന്ന് സി പി ഐയെ പ്രകാശ് കാരാട്ട് ഓര്‍മ്മിപ്പിച്ചതും എരിതീയില്‍ എണ്ണയൊഴിക്കും വിധം ഇടതുമുന്നണിയുടെ മേലാളായി കാനത്തെ നിയമിച്ചിട്ടില്ലെന്ന ഇ പി ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റും സി പി ഐ നിര്‍വ്വാഹക സമിതിയില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയേക്കും. മുന്നണിക്കകത്ത് ഒളിഞ്ഞും തെളിഞ്ഞും നിന്ന സി പി എം – സി പി ഐ അഭിപ്രായ ഭിന്നത ലോ അക്കാദമി സമരത്തോടെയാണ് മറ നീക്കിയത്. സമരം കൈകാര്യം ചെയ്ത രീതിയോട് കടുത്ത എതിര്‍പ്പ് സി പി ഐക്ക്. ഒടുവില്‍ എം എന്‍ സ്മാരകത്തില്‍ നടന്ന മദ്ധ്യസ്ഥതയില്‍ സമരാവസാനം. പിന്നാലെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മുന്നണിക്കകത്ത് ഉടലെടുത്ത് മന്ത്രിസഭയിലേക്ക് വരെ വളര്‍ന്ന തര്‍ക്കം. ഘടകകക്ഷി മര്യാദകള്‍ വിട്ട വാദപ്രതിവാദങ്ങള്‍. ഇടത് മുന്നണി ഒരു വകുപ്പും ആര്‍ക്കും തീറെഴുതിയിട്ടില്ലെന്ന് മന്ത്രി എം എം മണി. കയ്യേറ്റം ഒഴിപ്പിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ച് സി പി ഐ. സബ് കളക്ടര്‍ അടക്കം റവന്യു ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ശക്തമായി തിരിച്ചടിക്കാനാകും പാര്‍ട്ടി തീരുമാനം.