കടത്തിണ്ണയില്‍ അന്തിയുറങ്ങിയും, കാരുണ്യം യാചിക്കാതെയും ജീവിച്ച നടന് മുന്‍ഷി വേണു അന്തരിച്ചു
തൃശൂര്‍: മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരനായി പിന്നീടു സിനിമകളിലെത്തിയ മുന്‍ഷി വേണു അന്തരിച്ചു. ഗുരുതരമായ വൃക്ക രോഗം ബാധിച്ച ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്കാരം ശനിയാഴ്ച.
ബന്ധുക്കളൊന്നും അധികം ഇല്ലാത്ത വേണു തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. ചലച്ചിത്ര മോഹവുമായി ചെറുപ്പത്തിലേ അലഞ്ഞുതിരിഞ്ഞ വേണുവിന് ഒടുവില്‍ മുന്‍ഷിയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തോളം മുന്‍ഷിയിലൂടെ വേണു തിളങ്ങി. ഇതോടെ കൃത്യമായ ഭക്ഷണവും, താമസവുമൊക്കെ വേണുവിന് ലഭിച്ചു തുടങ്ങി. കമല്‍ സംവിധാനം ചെയ്ത പച്ചക്കുതിരയിലൂടെ ദിലീപിനൊപ്പം അഭിനയിച്ചായിരുന്നു സിനിമയില്‍ തുടക്കം. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി അറുപതിലധികം ചിത്രങ്ങളില്‍ വേണു അഭിനയിച്ചു. തിളക്കത്തിലെയും, ഛോട്ടാ മുംബൈയിലെയുമൊക്കെ വേഷങ്ങള്‍ ശ്രദ്ധേയമായി. സിനിമ ലോകത്തിന്റെ ഇടവേളകളില്‍ പലപ്പോഴും, നിര്‍മ്മാതാക്കളുടെ കാരുണ്യത്തിലായിരുന്നു വേണുവിന്റെ ജീവിതം.
പത്തുവര്‍ഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. ഇതിനിടെയാണ് വൃക്കരോഗം തിരിച്ചറിഞ്ഞത്. കയ്യിലുണ്ടായിരുന്ന തുക മുഴുവന്‍ ചികിത്സക്കായി ചെലവഴിച്ച വേണു അവസാനകാലത്ത് സുമനസുകളുടെ സഹായത്താലാണ് ജീവിതം തള്ളി നീക്കിയത്. രോഗം പിടിപ്പെട്ടതോടെ അഭിനയിക്കാന്‍ ആരും വിളിക്കാതായി. പണം നല്കാന് കഴിയാതെ വന്നതോടെ ലോഡ്ജില്‍ നിന്നു താമസം മാറ്റി. പാലിയേറ്റീവ് കെയറില്‍ അഭയം പ്രാപിച്ചു. സിനിമ സംഘടനയായ അമ്മയില്‍ അംഗത്വമില്ലാത്തതിനാല്‍ സംഘടനയുടെ സഹായവും ലഭിച്ചില്ല. മുറിവാടക കൊടുക്കാനില്ലാത്തപ്പോള്‍ കടത്തിണ്ണയില്‍ കിടന്നും വേണു അന്തിയുറങ്ങിയിട്ടുണ്ട്. സിനിമയിലെ അവസരങ്ങള്‍ നിലച്ചതോടെയാണ് വേണു തീര്‍ത്തും പ്രതിസന്ധിയിലായത്. നീക്കിയിരുപ്പൊന്നുമില്ലാത്ത ജീവിതത്തില്‍ തെരുവിലൂടെ അലഞ്ഞ വേണുവിനെ ഗുരുതര രോഗം കൂടി ബാധിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. തെരുവില്‍ അലഞ്ഞ വേണുവിനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞാണ് പാലിയേറ്റീവ് കെയറിലെത്തിച്ചത്.