വോട്ടിംഗ് മെഷീന്‍ കൃത്രിമം ; തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡൽഹി :    വോട്ടിങ്ങ്  മെഷീനില്‍  കൃത്രിമം നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യെപ്പട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ് .ബഹുജൻ സമാജ് പാർട്ടി നൽകിയ ഹരജിയിലാണ്  തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാറിനും സുപ്രീം കോടതി നോട്ടീസ് അയച്ചത്. ബി.എസ്.പി നൽകിയ ഹർജിയിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും കക്ഷി ചേർന്നിരുന്നു.  വിവിപാറ്റ് നൽകാൻ ഉത്തരവിടാമെങ്കിലും അത് എല്ലായിടത്തും സാധ്യമല്ലെന്ന് മുതിർന്ന അഭിഭാഷകൻ പി. ചിദംബരം  കോടതിയെ  അറിയിച്ചു. ഇന്ത്യയിലല്ലാതെ ലോകത്തെവിടെയും ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ ഉപയോഗിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലും ജസ്റ്റിസ് ചേലമേശ്വർ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. യു പി തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.അതിനു പിന്നാലെ ഏതു പാര്‍ട്ടിക്ക് കുത്തിയാലും ബിജെപിക്ക് വോട്ടു വീഴുന്ന തരത്തിലുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.