സിറിയന്‍ പ്രശ്നം ; അമേരിക്കന്‍ റഷ്യാ ബന്ധം തകര്‍ന്നു എന്ന് ട്രംപ്

വാഷിംഗ്‌ടണ്‍ : റഷ്യയുമായുള്ള അമേരിക്കയുടെ എല്ലാ ബന്ധങ്ങളും തകര്‍ന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് വൈറ്റ്ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി.  സിറിയൻ വിഷയത്തിലാണ് ഇരുരാജ്യങ്ങളുമായുള്ള ബന്ധം തകർച്ചയുടെ  വക്കില്‍ എത്തിയത്. പുടിനും റഷ്യയുമായി നല്ല ബന്ധം വളർത്തുക എന്നത് വളരെ നല്ല കാര്യമായിരുന്നു. അത് സംഭവിക്കുമെന്നുതന്നെയായിരുന്നു പ്രതീക്ഷ. എന്നാൽ, ഇപ്പോൾ അങ്ങനെയൊരു ബന്ധം നിലനിർത്താനുള്ള സാഹചര്യമല്ല. ഇരുരാജ്യങ്ങളും വിരുദ്ധ ധ്രുവങ്ങളായി –ട്രംപ് സൂചിപ്പിച്ചു. നേരത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർച്ചയുടെ വക്കിലാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണവേളകളിലുടീളം റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനെ വാനോളം പുകഴ്ത്തിയ ട്രംപ് ഭരണത്തിലേറിയാൽ റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നാണ്  പ്രഖ്യാപിച്ചിരുന്നത്.