ഉണര്‍വ്വും ഊര്‍ജ്ജവും നല്‍കുന്ന വിഷു… ഇന്ന് ഓര്‍മ്മയാകുന്നുവോ?

വിഷുത്തലേന്നു നഗരവും ഗ്രാമവും ഒരുപോലെ ഉത്സവലഹരിയില്‍ ഉണര്‍ന്നു. വിഷുക്കോടിയും, കൊന്നപ്പൂവുമടക്കം കണിയൊരുക്കുവാനും സദ്യവട്ടം ഒരുക്കുവാനുമുള്ള സാമഗ്രികളാല്‍ വഴിയോര വിപണി സജീവമായി. വന്‍ ഓഫറുകളുമായി ആഴ്ചകള്‍ക്കു മുന്‍പേ തന്നെ വന്‍കിട തുണി – ഇലക്ട്രോണിക്‌സ് വ്യാപാരികളും മലയാളികള്‍ക്ക് വിഷുക്കൈനീട്ടം നല്‍കുവാനായി മത്സരിക്കുന്നു.

മലയാളിക്ക് വര്‍ണാഭമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ആഘോഷമാണ് വിഷു. കേരളത്തിന്റെ പുതുവത്സരദിനമായ വിഷു, തിരുവോണം പോലെ തന്നെ കേരളീയരാകെ ജാതി-മത വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന ഒന്നാണ്.

വിഷു ദിനത്തില്‍ വളരെ പ്രധാനമായ ഒന്നാണ് വിഷുക്കണി, വര്‍ണാഭമായ ഒരു വിഷുക്കണി കാഴ്ചയാണ് ആ കൊല്ലാതെ വരും ദിവസങ്ങള്‍ക്ക് സന്തോഷവു ഊര്‍ജ്ജവും നല്‍കുന്നതെന്ന് മലയാളികള്‍ വിശ്വസിച്ചു പോരുന്നു. അരിയും നെല്ലും നിറച്ച ഓട്ടുരുളിയില്‍ കണിക്കൊന്നയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും, പൊന്‍പണവും, സ്വര്‍ണാഭരണങ്ങളും, വാല്‍ക്കണ്ണാടിയും, പുത്തന്‍കോടിയും, മധുരനാരങ്ങായും, കണിവെള്ളരിയും, തേങ്ങയും, ചക്കയും, അടക്കയും വെറ്റിലയും, ആരാധനാ മൂര്‍ത്തിയുടെ ചിത്രവും അതിനു മുന്‍പില്‍ തെളിച്ചു വച്ച നിലവിളക്കും അങ്ങിനെ നയനമനോഹരമായ ഒരു വിഷുക്കണി, ഇതാണ് ഓരോ മലയാളിക്കും അക്കൊല്ലം നല്‍കുന്ന ഊര്‍ജ്ജം. ശേഷം കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം മക്കള്‍ക്കും ചെറുമക്കള്‍ക്കും നല്‍കുന്ന വിഷുക്കൈനീട്ടം, പിന്നെ കുടുംബത്തിലെ എല്ലാവരും ഒത്തിരുന്നുള്ള വിശേഷാല്‍ വിഷു സദ്യ.

വിഷു നല്‍കുന്ന ഈ ഉണര്‍വും ഊജ്ജവും ഇന്ന് നമുക്ക് അന്യമായി പോകുന്നുണ്ടോ..? മനുഷ്യന്റെ ചെയ്തികളാല്‍ ഉണ്ടായ കാലാവസ്ഥ വ്യതിയാനത്താല്‍ കാലം തെറ്റി പൂക്കുന്ന കണിക്കൊന്ന, ഓട്ടുരുളിയില്‍ കൃഷിനാശത്താല്‍ അന്യദേശങ്ങളില്‍ നിന്നെത്തുന്ന അരിയും, പച്ചക്കറിയും, കുടിവെള്ളക്ഷാമത്താല്‍ ഒഴിഞ്ഞ ഓട്ടുകിണ്ടി, അണുകുടുംബ സമ്പ്രദായം ആയപ്പോള്‍ വൃദ്ധസദനങ്ങളില്‍ ആയതിനാല്‍ കാര്‍ന്നോരില്ലാത്ത വിഷു കൈനീട്ടം, കൈനീട്ടം വാങ്ങാന്‍ ഏറിയാല്‍ രണ്ടുപേര്‍, പിന്നെ സദ്യ ഉണ്ണാന്‍ ഏറിയാല്‍ മൂന്നുപേര്‍, ഇല്ലെങ്കില്‍ ഹോട്ടലുകള്‍ നല്‍കുന്ന ബുഫേ വിഷു സദ്യ. ഇങ്ങനെ ശോഭ കുറഞ്ഞുപോകുന്നുവോ മലയാളിയുടെ വിഷുവിന്?

നമുക്കും നമ്മുടെ തലമുറയ്ക്കും കാലം കരുതിവച്ചിരിക്കുന്ന വിഷുക്കൈനീട്ടം എന്തെന്ന് കണ്ടും അനുഭവിച്ചും തന്നെ അറിയണം.